പാലക്കാട്: സ്കൂട്ടറില്‍ നിന്നു റോഡിലേക്കു വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി 65കാരന് ദാരുണാന്ത്യം. ജലവിതരണ പൈപ്പിടാന്‍ ഒരു വര്‍ഷത്തോളമായി പൊളിച്ചിട്ടിരിക്കുന്ന റോഡിലെ കുഴിയാണ് അപകടത്തിന് വഴിയൊരുക്കിയത്. സംഭവത്തില്‍ കുനിശ്ശേരി കുതിരപ്പാറ മാരാപ്പാടം പരുത്തിക്കാട് അബ്ദുല്‍ റഹ്മാന് (65) ആണു മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകനും പേരക്കുട്ടിയും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു. തിരുനെല്ലായി പാളയം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് അപകടം. മകന് റിയാസാണു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. റിയാസിന്റെ ഭാര്യ ഷെറീനയുടെ പിതാവു മരിച്ചതറിഞ്ഞു തിരുനെല്ലായി കള്ളിക്കാടുള്ള വീട്ടിലേക്കു പോകുകയായിരുന്നു ഇവര്‍. റിയാസിന്റെ മകള്‍ അംന ഫാത്തിമയും ഒപ്പമുണ്ടായിരുന്നു.
കുഴിയില്‍പെട്ടു സ്കൂട്ടര്‍ മറിഞ്ഞപ്പോള്‍ അബ്ദുല്‍ റഹ്മാന് റോഡിന്റെ നടുവിലേക്കു വീഴുകയും പിന്നാലെ വന്ന ടോറസ് ലോറിക്കടിയില്പെടുകയുമായിരുന്നു. റിയാസും മകളും മറുവശത്തേക്കു തെറിച്ചു വീണതാണു രക്ഷയായത്. പരേതയായ സലീനയാണ് അബ്ദുല്‍ റഹ്മാന്റെ ഭാര്യ. യൂസഫ്, ഷീബ എന്നിവരാണു മറ്റു മക്കള്‍. മരുമക്കള്‍: ഷാജിത, ഷെറീന, ഷാഹുല്‍ ഹമീദ്.
പാലക്കാട് നഗരസഭയുടെ അമൃത് പദ്ധതിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ ഒരു വര്‍ഷം മുന്‍പാണു റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിട്ട ശേഷം റോഡില്‍ മെറ്റലിട്ടെങ്കിലും ടാറിങ് നടത്തിയില്ല. ഇതോടെ റോഡ് കുഴികള്‍ നിറഞ്ഞ് അപകടക്കെണിയായി. ഇതിനിടെ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ പദ്ധതിക്കായും റോഡ് പൊളിച്ചു.
സംഭവത്തെത്തുടര്‍ന്നു നഗരസഭാംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൂന്നര മണിക്കൂര്‍ റോഡ് ഉപരോധിച്ചു. പാതയിലെ അപകടാവസ്ഥ പരിഹരിക്കാന്‍ വകുപ്പുകളുടെ യോഗം ഉടന്‍ വിളിച്ചു നടപടിയെടുക്കുമെന്നു കലക്ടറുടെ അറിയിപ്പ് തഹസില്‍ദാര്‍ ഷാനവാസ് ഖാന് അറിയിച്ചതോടെയാണു പ്രതിഷേധം അവസാനിച്ചത്.