തിരുപ്പൂര്‍: മൂന്നു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയും ബന്ധുവും ചേര്‍ന്നു കൈത്തറി വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊലപ്പെടുത്തി. പെരുമാനല്ലൂര്‍ പൊരശിപാളയത്തു കാറിനു തീപിടിച്ചു പെരുന്തുറ സ്വദേശി രംഗരാജന് (62) ആണ് മരിച്ചത്.
കേസില്‍ ഭാര്യ ജ്യോതിമണി (55), രംഗരാജന്റെ സഹോദരിയുടെ മകന് രാജ(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രങ്കരാജന്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.
കൈത്തറി യൂണിറ്റിനു പുറമേ റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയിരുന്ന രംഗരാജന് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും തുടര്‍ന്നു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റാണു കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.
തീപിടിച്ച കാറില്‍നിന്നു തങ്ങള്‍ ചാടിരക്ഷപ്പെട്ടെന്നും പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്ന രങ്കരാജനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പോലീസിനു നല്കിയ മൊഴി.
എന്നാല്‍ ജ്യോതിമണിയെ അവകാശിയാക്കി രംഗരാജന് 3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നെന്നും ഇതു തട്ടിയെടുക്കാന്‍ അപകടം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. റോഡ് അരികില്‍ നിര്‍ത്തിയ കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീപിടിച്ചെന്നായിരുന്നു മൊഴി. എന്നാല്‍ കാര്‍ പെട്രോളൊഴിച്ചു കത്തിച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.