ആലത്തൂര്‍: മക്കളെ നഷ്ടപ്പെട്ട ജസീര്ഖാനും റംലയ്ക്കും ജനകീയക്കൂട്ടായ്മയുടെ സഹായത്തില്‍ വീടൊരുങ്ങുന്നു. കുനിശ്ശേരി കുതിരപ്പാറ പള്ളിമേട് കൊറ്റിയോട് വാടക വീട്ടില്‍ താമസിക്കുന്ന കരിയങ്കാട് ജസീര്ഖാനും റംലയ്ക്കുമാണ് ജനകീയക്കൂട്ടായ്മയുടെ തണലില്‍ കിടപ്പാടം ഒരുങ്ങുന്നത്.
കുനിശ്ശേരി കുതിരപ്പാറയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജസീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവര്‍ ഫെബ്രുവരി 14നായിരുന്നു മുങ്ങിമരിച്ചത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ സ്വപ്നമായിരുന്നു സ്വന്തം വീട്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇപ്പോള്‍ നാട് ഒന്നിക്കുകയാണ്.
അഞ്ച് സെന്റ് സ്ഥലം വാങ്ങി 630 ചതുരശ്രയടി വിസ്തൃതിയിലാണ് വീട് നിര്‍മിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ താക്കോല്‍ കൈമാറുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
ചടങ്ങ് രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്തു. സിനിമാ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അധ്യക്ഷനായി. കെഡി പ്രസേനന്‍ എംഎല്‍എ, മുന്‍ എംപി വിഎസ് വിജയരാഘവന്, എരിമയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പ്രേമകുമാര്‍, നാസര്‍ മാനു, പാളയം പ്രദീപ്, എ ഷെഫീക്, മുഹമ്മദ് ഇല്യാസ്, അബ്ദുള്‍ സലാം ഹാജി, ഇക്ബാല്‍ കുനിശ്ശേരി എന്നിവര്‍ പങ്കെടുത്തു.