തിരുപ്പൂര്‍: വലത് കൈയില്‍ കത്രികയും കൈപ്പത്തി നഷ്ടപ്പെട്ട ഇടത് കൈയില്‍ ടവല്കെട്ടി അതില്‍ ചീപ്പ് തിരുകിവെച്ചുള്ള ബാലസുബ്രഹ്മണിയുടെ മുടിവെട്ടല്‍ പൊളിയാണ്. ഇടത് കൈപ്പത്തി നഷ്ടപ്പെട്ടിട്ടും വിധിയെ തോല്‍പ്പിച്ച് ‘മുടിവെട്ടി’ ജീവിതത്തില്‍ മുന്നേറുകയാണ് നാല്പ്പത്തിരണ്ടുകാരന് ബാലസുബ്രഹ്മണി.
ഇപ്പോള്‍ തിരുപ്പൂര്‍ അമ്മാപാളയത്തിനടുത്തുള്ള ഒരു മുടിവെട്ടുകടയിലെ ജീവനക്കാരനായ ബാലസുബ്രഹ്മണി വലത് കൈയില്‍ കത്രികയും കൈപ്പത്തി നഷ്ടപ്പെട്ട ഇടത് കൈയില്‍ ടവല്കെട്ടി അതില്‍ ചീപ്പ് തിരുകിവെച്ചുമാണ് 20 വര്‍ഷമായി മുടിവെട്ടുന്നത്. അതും വേഗത്തിലും വൃത്തിയിലുമാണ് മുടിവെട്ടുന്നതെന്ന് അനുഭവസ്ഥരായ ജനങ്ങള്‍ പറയുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഒന്‍പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടിവന്ന ബാലസുബ്രഹ്മണി പിന്നീട് ദിണ്ടിക്കലിലെ നൂല്മില്ലില് ജോലിക്ക് പോയി. അവിടെ വെച്ചാണ് യന്ത്രത്തില്‍പ്പെട്ട് ഇടത് കൈപ്പത്തി പൂര്‍ണമായും നഷ്ടപ്പെട്ടത്. മുടിവെട്ടാന്‍ തുടങ്ങിയകാലത്ത് ഒറ്റക്കൈ കൊണ്ടുള്ള മുടിവെട്ട് വളരെ പ്രയാസമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശ്രമം കൂടുതല്‍ എളുപ്പത്തിലാക്കിയെന്ന് ബാലസുബ്രഹ്മണി പറയുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് സുബ്രമണിയുടെ കുടുംബം.