ചെര്‍പ്പുളശ്ശേരി: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മകന്റെ അടിയേറ്റു പിതാവു മരിച്ചു. വിമുക്തഭടനും പ്രവാസിയുമായ നെല്ലായ ഇരുമ്പാലശ്ശേരി കാരാംകോട്ടില്‍ വീട്ടില്‍ മുഹമ്മദ് (വാപ്പുട്ടി ഹാജി – 68) ആണു മരിച്ചത്. ഒളിവിലായിരുന്ന മകന് അറസ്റ്റില്‍.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഒളിവിലായിരുന്ന മകന് അഫ്സലിനെ വൈകിട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദും ഭാര്യ ഫാത്തിമയും തമ്മിലുണ്ടായ വഴക്കിനിടെ ഇളയ മകന് അഫ്സല് (26) ഇരുമ്പുവടി കൊണ്ടു മുഹമ്മദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
തല പൊട്ടി രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മുഹമ്മദിനെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ മുഹമ്മദും ഭാര്യ ഫാത്തിമയും മകന് അഫ്സലും മാത്രമായിരുന്നു താമസം. അഫ്സലിന്റെ ഭാര്യ പ്രസവത്തിനായി അവരുടെ വീട്ടിലാണ്.
വിദേശത്തായിരുന്ന അഫ്സല് നാട്ടിലെത്തിയിട്ട് ഒരു വര്‍ഷമായി. അടുത്തയാഴ്ച മടങ്ങാനിരിക്കെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. മുഹമ്മദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. മുഹമ്മദിന്റെ മറ്റു മക്കള്‍: മൊയ്തീന്‍കുട്ടി (യുഎഇ), സക്കീര്‍ (സൗദി അറേബ്യ), ഫൈസല്‍ (യുഎഇ). മരുമക്കള്‍: മിസ്രിയ, ഷബ്ന, ഷഹനാസ്, റഷീദ്.
ഇന്‍സ്പെക്ടര്‍ പിഎം ഗോപകുമാര്‍, എസ്ഐമാരായ റോയ് ജോര്‍ജ്, സിടി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി തെളിവെടുത്തു. ഷൊര്‍ണൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.