പാലക്കാട്: പോക്കറ്റ് മണി കണ്ടെത്താനായി വെറും അമ്പത് സെന്റില്‍ ആരംഭിച്ച പച്ചക്കറി കൃഷിയാണ് ഇപ്പോള്‍ മൂന്നേക്കറില്‍ എത്തി നില്‍ക്കുന്നത്. പഠനത്തിനൊപ്പം കൃഷി ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച കര്‍ഷക പ്രതിഭകളില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് പാലക്കാട്ടുകാരന് ഷരീഫ്. ചിറ്റൂര്‍ അത്തിക്കോട് വടകരക്കളം സ്വദേശിയാണ് എസ് ഷരീഫ്.
ചിറ്റൂര്‍ ഗവണ്മെന്റ് കോളേജില്‍ ചരിത്രത്തില്‍ ബിരുദപഠനം നടത്തുമ്പോഴാണ് ഷരീഫിന് കൃഷി എന്ന ആശയം രൂപപ്പെടുന്നത്. പഠനത്തിനും പോക്കറ്റ് മണിയ്ക്കുമായി തുടങ്ങിയ ഈ സംരംഭം ഈ പാലക്കാട്ടുകാരനെ ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച കര്‍ഷക പ്രതിഭകളില്‍ ഒരാളായി മാറ്റിയിരിക്കുകയാണ്.
കൃഷിയില്‍ നിന്ന് ആദ്യ വരുമാനം കിട്ടിയതോടെ കൃഷി വികസിപ്പിച്ചു. 2017-ല്‍ അമ്പത് സെന്റ് സ്ഥലത്ത് പടവലം കൃഷിയാണ് ആരംഭിച്ചത്. മൂന്നുവര്‍ഷത്തിനിടെ വെണ്ട, പയര്‍, വഴുതന, നെല്ല് എന്നിങ്ങനെ കൃഷി മൂന്നേക്കറിലേക്ക് വ്യാപിപ്പിച്ചു. പഠനത്തിനാവശ്യമായ പണം കിട്ടിത്തുടങ്ങി.
മനസ്സറിഞ്ഞുനിന്നാല് കൃഷി വിജയം കാണുമെന്ന് ഉറപ്പായതോടെ അടുത്തസീസണില്‍ വെണ്ടക്കൃഷിയിറക്കി. കഴിഞ്ഞ സീസണിലാണ് പച്ചക്കറി കൃഷി വിപുലപ്പെടുത്തിയത്. ഫെബ്രുവരിയില്‍ പയര്‍, വെണ്ട, വഴുതന, പടവലം എന്നിവ വിളവെടുപ്പുതുടങ്ങി. കൊവിഡ് കാലമായതിനാല്‍ വീടുകള്‍ കയറിയായിരുന്നു വില്‍പ്പന.
ഇനി സമ്മിശ്ര കൃഷിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഷരീഫ്. മൂന്ന് ജോഡി ആടുകള്‍, 25 കോഴികള്‍ എന്നിവയുമുണ്ട്. സാധാരണ വീടുകളിലേതുപോലുള്ള കൂടുകളിലാണ് ആടുകളും കോഴികളും വളരുന്നത്. രണ്ട് സെന്റില്‍ മത്സ്യകൃഷിയുമുണ്ട്. കോഴി മുട്ട, കാടമുട്ട എന്നിവ വിരിയിപ്പിയ്ക്കാനായി ഷരീഫ് സ്വന്തമായി ഇന്‍ക്യുബേറ്ററും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ സഹോദരിയുടെ മകന് അസറുദ്ദീനും കൃഷിയില്‍ സഹായത്തിനുണ്ട്.