എടത്തനാട്ടുകര: വികെ ശ്രീകണ്ഠന് എംപി വാക്കു പാലിച്ചു. എടത്തനാട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സ്വന്തമായൊരു ബസ് എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞു. എംപി തന്റെ ആദ്യ ഫണ്ടില്‍ നിന്നും ബസിനായി 20 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം എംപി ആയ ശേഷം സ്കൂളിലെത്തിയ ഇദ്ദേഹത്തോട് സ്കൂളിന് സ്വന്തമായൊരു ബസ് വേണമെന്ന ആവശ്യം അധികൃതര്‍ ഉന്നയിച്ചിരുന്നു. തനിക്ക് ആദ്യം ലഭിക്കുന്ന ഫണ്ടില്‍ നിന്നും ബസ് അനുവദിക്കുമെന്ന് വികെ ശ്രീകണ്ഠന് എംപി കുട്ടികള്‍ക്കും, സ്കൂള്‍ അധികൃതര്‍ക്കും ഉറപ്പും നല്‍കിയിരുന്നു. അന്ന് പറഞ്ഞ വാക്കാണ് എംപി ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
യുപി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്കൂളില്‍ 3000 ത്തിലേറെ കുട്ടികളാണ് പഠിക്കുന്നത്. കുട്ടികളുടെ യാത്ര സൗകര്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ പിടിഎയുടെ സഹകരണത്തോടെ ഒരു ബസ് സര്‍വീസ് നടത്തിയിരുന്നു.
എന്നാല്‍ ഒരു ബസ് എല്ലാ ഭാഗങ്ങളിലും ഓടി കൃത്യ സമയത്ത് സ്കൂളിലെത്താന്‍ പ്രയാസമായതിനെ തുടര്‍ന്നാണ് സ്വന്തമായൊരു ബസ് വേണമെന്ന ആവശ്യവുമായി ഇവര്‍ എംപിയെ സമീപിച്ചത്. തുടര്‍ന്ന് എംപി തന്റെ ആദ്യ ഫണ്ടില്‍ നിന്നും നിന്നും 20 ലക്ഷം രൂപ ബസിനായി അനുവദിച്ചു.
ഇന്നലെ സ്കൂളില്‍ നടന്ന ചടങ്ങില്‍ ബസിന്റെ താക്കോല്‍ കൈമാറിയ ശേഷം വിദ്യാര്‍ത്ഥികളോടൊപ്പം സ്കൂളില്‍ മുറ്റത്ത് അല്പ നേരം എംപി ബസില്‍ യാത്ര ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് അധ്യക്ഷ മുള്ളത്ത് ലത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എം മെഹര്ബാന് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ഷാനവാസ്, മണികണ്ഠന് വടശ്ശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിത വിത്തനോട്ടില്‍, ലൈല ഷാജഹാന്, മഠത്തൊടി അലി, പഞ്ചായത്തംഗങ്ങളായ അക്ബറലി പാറോക്കോട്ട്, പിപി സജ്ന സത്താര്‍, ബഷീര്‍ പടുകുണ്ടില്‍, നെയ്സി ബെന്നി, കെ അജിത, ഐഷാബി ആറാട്ടുതൊടി, പിടിഎ പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് സി സക്കീര്‍, എസ്എംസി ചെയര്മാന് സി നാരായണന് കുട്ടി, എംപിടിഎ പ്രസിഡന്റ് കെപി ഷറീന മുജീബ്, പി അഹമ്മദ് സുബൈര്‍, ടികെ ഷംസുദ്ദീന്, എപി മാനു, ഷമീം കരുവള്ളി, പ്രിന്‍സിപ്പല്‍ കെകെ രാജ് കുമാര്‍, പ്രധാനാധ്യാപകന് എന്‍ അബ്ദുന്നാസര്‍, ഡപ്യൂട്ടി എച്ച്എം പി അബ്ദുല്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടികെ മുഹമ്മദ് ഹനീഫ, പി ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.