കൊഴിഞ്ഞാമ്പാറ: ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വരാത്തതില്‍ ദേഷ്യപ്പെട്ട് സുഹൃത്തിനെ വെടിവെച്ചു. വണ്ണാമട നടരാജ കൗണ്ടര്‍ കോളനിയിലെ എം. നാഗരാജനെ (55) വണ്ണാമട ആറാം മൈലിലെ എം. അരുണ്‍പ്രകാശാണ് (34) എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചത്. പൊങ്കല്‍ ആഘോഷത്തിനിടെ വിരുന്നിനെത്തിയ ആളെയാണ് വെടിവച്ചത്.
വെള്ളിയാഴ്ചയാണു സംഭവം. പൊങ്കല്‍ ആഘോഷത്തിനു വീട്ടിലെത്തിയ നാഗരാജിനൊപ്പം മദ്യപിച്ച അരുണ്‍പ്രകാശ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ നാഗരാജന് പോകാന്‍ തയാറായില്ല. തുടര്‍ന്ന് അരുണ്‍ നാഗരാജിന്റെ തലയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു.
കവിളിലാണു വെടിയേറ്റത്. കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പാലക്കാട് ഡിവൈഎസ്പിയെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണു വെടിയേറ്റതാണെന്നു മനസ്സിലായത്. കൊഴിഞ്ഞാമ്പാറ പോലീസ് അരുണ്‍ പ്രകാശിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് എയര്‍ ഗണ്ണുകള്‍ കണ്ടെടുത്തു.