നെല്ലിയാമ്പതി: തിരുപ്പൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ നെല്ലിയാമ്പതി കാരപ്പാറ പുഴയില്‍ മുങ്ങി മരിച്ചു സംഭവത്തില്‍ പുഴയില്‍ വീണ മുന്നാമനെ രക്ഷപ്പെടുത്തിയത് മൂന്നംഗ സംഘമാണ്. രക്ഷാ പ്രവര്‍ത്തനത്തെ കുറിച്ച് മൂന്നംഗ സംഘത്തിലെ ഒരാളായ നെല്ലിയാമ്പതി പുല്ലാല സ്വദേശി കൃഷ്ണന്‍കുട്ടി പറയുന്നതിങ്ങനെ….
തൃശൂരില്‍ നിന്ന് എത്തിയ സുഹൃത്തുക്കളായ പ്രകാശ്, മിഥുന് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വേഴാമ്പലിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ കാട്ടില്‍ കറങ്ങുകയായിരുന്നു. പെട്ടെന്നാണ് വിനോദസഞ്ചാരികളുടെ കൂട്ടത്തിലെ ഏതാനുംപേര്‍ പുഴയില്‍ മുങ്ങിത്താഴുന്നതു കണ്ടത്. ആദ്യം വെള്ളത്തില്‍ കളിക്കുകയാണെന്നാണ് കരുതിയത്, പിന്നീട് അപകടമാണെന്നു തോന്നിയതോടെ ഞങ്ങള്‍ പുഴയിലേക്കു ചാടുകയായിരുന്നു.
ആദ്യം ചാടിയത് പ്രകാശാണ്. ഒപ്പം കൃഷ്ണന്‍കുട്ടിയും മിഥുനും ഇറങ്ങി. പ്രകാശിന്റെ കയ്യില്‍ നീളമുള്ള കമ്പ് കൊടുത്തു. മുങ്ങിത്താഴുന്ന ജ്ഞാനപ്രകാശിനെ കമ്പ് ഉപയോഗിച്ചു മൂവരും കൈകോര്‍ത്താണു പുറത്തെത്തിച്ചത്.
പക്ഷെ ആഴത്തിലേക്കു താഴ്ന്ന മറ്റു രണ്ടു പേരെ രക്ഷിക്കാനായില്ല. അപകടനം അറിഞ്ഞ് വനം ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ സുമേഷിന്റെ നേതൃത്വത്തില്‍ വനപാലകരും പോലീസും പഞ്ചായത്ത് അധ്യക്ഷന്‍ പ്രിന്‍സ്, പി സഹനാഥന് തുടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നാട്ടില്‍നിന്നു പുറപ്പെട്ട് നെല്ലിയാമ്പതി കാണാനെത്തിയതായിരുന്നു തിരുപ്പൂരില്‍ നിന്നുള്ള എട്ടംഗ സംഘം. തിരുപ്പൂര്‍ കാങ്കയം നാച്ചിപാളയം അങ്കാളമ്മന്‍ നഗര്‍ ബാലസുബ്രഹ്മണ്യന്റെ മകന് കിഷോര്‍ (22), ബന്ധുവായ തിരുപ്പൂര്‍ വെള്ളായങ്കോട് സുധ ഇല്ലത്തില്‍ മുത്തുവിന്റെ മകന് കൃപാകര്‍(22) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൃപാകറിന്റെ സഹോദരന് ജ്ഞാനപ്രകാശ്(24) ആണ് രക്ഷപ്പെട്ടത്.