പാലക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് മേധാവിക്കു തപാലില്‍ ആനപ്പിണ്ടം അയച്ചു.
മുഖ്യമന്ത്രി, വനം മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തുടങ്ങി ഒട്ടേറെ പേര്‍ക്കു നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു വേറിട്ട സമരം എന്ന് നേതാക്കള്‍ പ്രതികരിച്ചു. ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍, സെക്രട്ടറി ഗുരുജി കൃഷ്ണ, രാജേഷ് രാമകൃഷ്ണന്, പ്രദീഷ് പുതുപ്പരിയാരം, കൃഷ്ണജന് കണ്ണമ്പ്ര എന്നിവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ ജൂണിലാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ ഗര്‍ഭിണിയായ കാട്ടാന പടക്കം പൊട്ടി ചരിഞ്ഞത്. സംഭവത്തില്‍ പൊലീസും വനംവകുപ്പും സംയുക്തമായി ആന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെയും മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.