മഞ്ചേരി: വ്യാജ കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് കാശിന് വില്‍ക്കുന്ന മഞ്ചേരിയിലെ ലാബ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബ് ആണ് അടച്ചുപൂട്ടിയത്.
ആധാര്‍ കാര്‍ഡും പണവും നല്കിയാല് സ്രവ പരിശോധന പോലുമില്ലാതെ ഇവിടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലാബ് നല്‍കുന്നത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ലാബില്‍ പരിശോധന നടത്തിയത്.
പ്രാഥമികാന്വേഷണത്തില്‍ തന്നെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ലാബ് പ്രവര്‍ത്തനമെന്നു കണ്ടെത്തി. ഇതോടെ മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കിയത്.
ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ കെപി അഫ്സല്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെവി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാല്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ ഡോ. എംസി നിഷിത്ത്, അഡ്മിനിസ്ട്രേഷന് മെഡിക്കല്‍ ഓഫിസര്‍ ഡോ. നവ്യ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. ഇവിടെ നടന്ന ക്രമക്കേട് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് വിശദമാക്കി.