പൊന്നാനി: മുസ്ലിം പള്ളികള്‍ വിഷയമാക്കി ചിലര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരാഹ്വാനം അപഹാസ്യമാണെന്നും മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവര്ക്കും ബാദ്ധ്യതയുണ്ടെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സുന്നി മാനേജ്മെന്റ് അസോസിയേഷന് നേതാവുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയ.
മുസ്ലിം പള്ളികള്‍ ജുമുഅ, പെരുന്നാള്‍ നിസ്കാരം എന്നിവയ്ക്കായി ഇളവുകളോടെ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മുസ്ലിം വിഭാഗത്തിലെ പ്രബലരായ സമസ്ത വിഭാഗം നേതാക്കള്‍ പ്രഖ്യാപിച്ച സമര പരിപാടികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പിന്നില്‍ സര്‍ക്കാര്‍ വിരോധികളായ രാഷ്ട്രീയ കേന്ദ്രങ്ങളുടെ കൈ ഉണ്ടായിരിക്കും. പകര്‍ച്ചവ്യാധി വ്യാപിക്കാന്‍ കാരണമാകുന്ന ഒന്നിനും കൂട്ട് നില്ക്കാന് നബിയുടെ അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ക്ക് സാധിക്കില്ലെന്നും ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇതര മതസ്ഥര്‍ ആരും തന്നെ നടത്താത്ത സമരവുമായി മുസ്ലിംകളിലെ ചിലര്‍ രംഗത്ത് വരുന്നത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഖാസിം കോയ അഭിപ്പായപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യം അപകടപ്പെടുത്തിയല്ല രാഷ്ട്രീയം കളിക്കേണ്ടതെന്നും ആരോഗ്യപ്രവര്‍ത്തകരും മറ്റു ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടെ വലിയ വിഭാഗം ജനങ്ങള്‍ രോഗികളായി കൊണ്ടിരിക്കുകയും നിരവധി പേര് മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്ന പോലെ എത്രയും വേഗം ആരാധനാലയങ്ങളുടെ കാര്യത്തില്‍ ആശ്വാസകരമായ തീരുമാനം ഉണ്ടാവണമെന്ന ആവശ്യം അദ്ദേഹം സര്‍ക്കാരിനോട് ആവര്‍ത്തിച്ചു. മാത്രമല്ല, പള്ളികള്‍ ആരാധനകള്‍ക്കായി തുറന്ന് കിട്ടുന്നതിന് സെക്രട്ടറിയേറ്റും ജില്ലാ ആസ്ഥാനങ്ങളും തദ്വേശ സ്ഥാപങ്ങളും വലയുന്ന സമരമുറകളില്‍ നിന്ന് മത പണ്ഡിതന്മാരായ സമുദായ നേതാക്കള്‍ പിന്മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.