കരുവാരകുണ്ട്: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ചപ്പാത്തിക്കമ്പനി ഉടമയ്ക്ക് ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. കിഴക്കേത്തല ബസ് സ്റ്റാന്‍ഡിനു മുന്പിലെ കടയ്ക്കെതിരെയാണ് നടപടി.
കഴിഞ്ഞ 24ന് പുളിയക്കോട് സ്വദേശിയില്‍ നിന്നാണ് 13 രൂപ വിലയുള്ള ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന് കമ്പനി 15 രൂപ ഈടാക്കിയത്. വില കൂടുതലാണെന്ന് പറഞ്ഞെങ്കിലും വില കുറയ്ക്കാന്‍ കടക്കാരന് തയ്യാറായില്ല.
ഉപഭോക്താവ് ആവശ്യപ്പെട്ടപ്പോള്‍ 15 രൂപയുടെ ബില്ലും നല്കി. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം ഡപ്യൂട്ടി കണ്ട്രോളര് സുജ എസ് മണി, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് കെ.എം.മോഹനന് എന്നിവര്‍ കടയിലെത്തി പിഴ ചുമത്തുകയായിരുന്നു.