കാളികാവ്: ന്യുമോണിയ ബാധിച്ചു ചികിത്സയിലുള്ളയാള്‍ ഓക്സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തി. ചോക്കാട് പുല്ലങ്കോട് ചടച്ചിക്കല്ലിലെ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിന്റെ അവശത മറന്നു ജനാധിപത്യ അവകാശം വിനിയോഗിക്കാനെത്തിയത്.
ദുബായില്‍ വച്ചാണു നാസറിനു കടുത്ത ന്യുമോണിയ ബാധിച്ചത്. ഏറെനാളായി വെന്റിലേറ്ററില്‍ ആയിരുന്നു നാസര്‍. അല്പം കുറഞ്ഞപ്പോഴാണു നാട്ടില്‍ എത്തിയത്. ഇവിടെയും ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി തുടര്‍ചികിത്സയിലാണ്. ഫിസിയോതെറപ്പിയും ചെയ്യുന്നുണ്ട്. ഇന്നലെ നാസര്‍ കുടുംബസമേതമാണ് എത്തി വോട്ടു ചെയ്യാനെത്തിയത്.
അതേസമയം, വടവന്നൂരില്‍ വീണു തുടയെല്ല് പൊട്ടിയിരിക്കുകയാണെങ്കിലും 87കാരി അമ്മാളു വോട്ട് പാഴാക്കിയില്ല. പേരക്കുട്ടിയുടെ തോളിലേറി പോളിങ് സ്റ്റേഷനിലെത്തി അമ്മാളു വോട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി അമ്മാളു (87) വോട്ട് ചെയ്യാനെത്തിയത്.