മലപ്പുറം: കൊവിഡ് വാക്സിന് എടുക്കാന്‍ ഇനി ആശുപത്രി വരെ പോകേണ്ട ആവശ്യം ഇല്ല. മലപ്പുറം ജില്ലയില്‍ മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകള്‍ സേവനം തുടങ്ങി. മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകളുടെ ഫ്ളാഗ്ഓഫ് കളക്ടര്‍ കെ ഗോപാലകൃഷ്ണന് നിര്‍വഹിച്ചു.
മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകളുടെ സേവനം ജില്ലയിലെ വാക്സിനേഷന് വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണന് പറഞ്ഞു. കൊവിഡ് വാക്സിനേഷന് കൂടുതല്‍പേര്‍ക്ക് നല്കാന് ജില്ലയില്‍ ആരംഭിച്ച മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകളുടെ ഫ്ളാഗ്ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറല്‍ബാങ്ക് സാമൂഹികപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി അനുവദിച്ച മൂന്നു വാഹനങ്ങളാണ് വാക്സിനേഷനുവേണ്ടി ഉപയോഗിക്കുന്നത്. ഡിഎംഒ കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ മുഹമ്മദ് ഇസ്മായില്‍, ഡിപിഎം ഡോ. ഷിബുലാല്‍, പി രാജു, മുഹമ്മദ് ഫസല്‍, ഫെഡറല്‍ബാങ്ക് കോഴിക്കോട് സോണല്‍ ഹെഡ് സിവി റെജി, റീജണല്‍ ഹെഡ് അബ്ദുള്‍ഹമീദ്, അബ്ദുള്‍നസീര്‍ പറവത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വ്യാപാരികള്‍, വ്യവസായികള്‍, ഡ്രൈവര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 45 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ഈ മൊബൈല്‍ യൂണിറ്റ് വഴി കുത്തിവെപ്പെടുക്കാം. ഓരോദിവസവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ സ്ഥലത്തും കുത്തിവെപ്പ് വാഹനം എത്തുകയും അവിടെ നിന്ന് കുത്തിവെപ്പ് നല്കുകയുംചെയ്യും. മുന്‍കൂട്ടി രജിസ്റ്റര്ചെയ്യുന്നതിനു www.cowin.gov.in എന്ന വെബ്പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഫോണ്‍: 9847183440, 9539063580.