പരപ്പനങ്ങാടി: വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ റോഡില്‍ വീണ കുട്ടിക്ക് രക്ഷകനായി അതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷ് നാടിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇടയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഒരാഴ്ച മുന്‍പാണ് പറമ്പില്‍ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ കുട്ടി റോഡിലേക്കു വീണത്. കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞുമില്ല. ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ പ്രജീഷാണ് റോഡില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടത്.
ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം പോലീസുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെക്കു കൊണ്ടുപോവുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയത്. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷിന്റെ സമയോചിത ഇടപെടലില്‍ രക്ഷയായത് പതിനൊന്നു വയസ്സുകാരന്റെ ജീവന് തന്നെയായിരുന്നു.
പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി ആദരിച്ചു. സിഐ ഹണി കെ ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഒപ്പം പോയ സിവില്‍ പോലീസ് ഓഫിസര്‍ രാജേഷിനും കുടുംബം നന്ദി അറിയിച്ചു.
ഇതുകൂടാതെ, നാട്ടിലെ താരമായി മാറിയ പ്രജീഷിന് സ്വന്തമായി ഓട്ടോ വാങ്ങാനായി പടിക്കല്‍ ചാലുവളവ് ക്ലബ് പ്രവര്‍ത്തകര്‍ ആദ്യ വിഹിതം കൈമാറി. വാടകയ്ക്കെടുത്ത ഓട്ടോയാണ് പ്രജീഷ് ഓടിക്കുന്നത്.