മേലാറ്റൂര്‍: സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി റോഡില്‍ കിടന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്കി മാതൃകയായി ഫൈസല്‍ബാബു. കേരള വ്യാപാരി വ്യവസായി സമിതി മേലാറ്റൂര്‍ യൂണിറ്റ് സെക്രട്ടറി ഫൈസല്‍ബാബുവാണ് അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ നന്മയുടെ നിറകുടമായി മാറിയത്.
ചന്തപ്പടിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന് ബാങ്കില്‍ അടയ്ക്കുന്നതിനായി കൊണ്ടുപോകുന്ന തുകയാണ് യാത്രയ്ക്കിടെ റോഡില്‍ വീണത്. അങ്ങാടിയിലൂടെ നടന്നുപോകുകയായിരുന്ന ഫൈസല്‍ ബാബു നോട്ടുകെട്ട് കാണുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ട ജീവനക്കാരന് തെളിവുസഹിതമെത്തിയതോടെ മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍വെച്ച് തുക തിരികെ നല്കി.
അതേസമയം, എടപ്പാളില്‍ കഴിഞ്ഞദിവസം ബാങ്ക് അക്കൗണ്ട് മാറി വന്ന കാല്‍ലക്ഷം രൂപ യഥാര്‍ത്ഥ ആളെ കണ്ടെത്തി തിരിച്ചുനല്‍കി യുവാവ് നന്മയുടെ വെളിച്ചമായി. കണ്ടനകത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ സിവി ശരതാണ് വഴിമാറിവന്ന പണം തിരികെ നല്കി മാതൃകയായത്.