നിലമ്പൂര്‍: ഗ്രാമസഭ കൂടുന്നതിനിടെ ഉടലെടുത്ത തര്‍ക്കം ഒടുവില്‍ കലാശിച്ചത് കത്തിക്കുത്തില്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയാണ് സംഭവം. രൂക്ഷമായ തര്‍ക്കത്തിനിടെ ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാന് (36) വെട്ടേറ്റു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കേസില്‍ മുണ്ടേരി സ്വദേശിയായ വാളപ്ര ഷൗക്കത്തി(56)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മുജീബ് റഹ്മാനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മുജീബ് റഹ്മാന്റെ കൈ വിരലിനാണ് വെട്ടേറ്റത്.
കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ചെന്നും അങ്ങനെ കൈക്ക് പരിക്കേറ്റെന്നും മുജീബ് റഹ്മാന് പറഞ്ഞു. ഗ്രാമസഭക്കിടയില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഗ്രാമസഭ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാകുകയും ഷൗക്കത്ത് മുജീബിനെ ആക്രമിക്കുകയും ആയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ രാത്രി 11 മണിക്ക് മുണ്ടേരിയിലെത്തിയ പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് വിലയിരുത്തല്‍.