കോഴിക്കോട്: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാൻ നിർധന രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി യുവാവ്. സാമൂഹിക പ്രവർത്തകനായ പിസി അബുതാഹിർ ആണ് രോഗികൾക്കായി തന്റെ വാഹനം സൗജന്യ യാത്രയ്ക്ക് വിട്ടു നൽകുന്നത്.
കിണർ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം 5 വർഷം മുൻപാണ് വാൻ വാങ്ങുന്നത്. കൂടെ ജോലി ചെയ്യുന്നവരെ വിവിധ ജോലി സ്ഥലങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം രോഗികളെ സഹായിക്കണം എന്ന ലക്ഷ്യവും വച്ച് കൊണ്ടാണ് വാഹനം സ്വന്തമാക്കിയത്.
അന്നു മുതൽ ഇന്നു വരെ നൂറു കണക്കിന് രോഗികൾക്ക് താഹിറിന്റെ സേവനം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ എന്തു സഹായത്തിനു വിളിച്ചാലും ഒരു മടിയും കൂടാതെ താഹിർ ഓടി എത്തും. വളർത്തു മൃഗങ്ങൾക്ക് വല്ല അപകടവും സംഭവിച്ചാൽ അവയെ രക്ഷിക്കാനെത്തും. സൗജന്യമായാണ് ആരാധനാലയങ്ങളുടെ കിണർ വൃത്തിയാക്കുന്നത്.
പ്രദേശത്തെ ഒരു സംഘടനയുടെ ആംബുലൻസിൽ ഡ്രൈവറായി മുൻപ് ജോലി ചെയ്തിരുന്ന താഹിറിനു സ്വന്തമായി ഒരു ആംബുലൻസ് വാങ്ങണമെന്നാണ് ആഗ്രഹം. നിലവിലെ വാഹനത്തിൽ രോഗികൾക്കുള്ള സൗകര്യങ്ങൾ കുറവായതാണ് ഇതിനു കാരണം.