പേരാമ്പ്ര: സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ എഴുതി അറിയിച്ച് അഞ്ചാം ക്ലാസുകാരി. കുഞ്ഞു പരാതി തള്ളിക്കളഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലില്‍ ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി.
കഴിഞ്ഞ ഒക്ടോബറിലാണ് തനിക്ക് സൈക്കിള്‍ ഇല്ലെന്ന വിഷമം ആയിഷ സജ മുഖ്യമന്ത്രിയെ അറിയിച്ചത്. തന്റെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ കത്തിലൂടെയാണ് ആയിഷ എഴുതി അറിയിച്ചത്. ചക്കിട്ടപാറയിലെ കുഞ്ഞിപ്പറമ്പില്‍ നാസര്‍ സൗദ ദമ്പതികളുടെ മൂന്ന് പെണ്മക്കളില് ഇളയവളാണ് ആയിഷ സജ.
മുഖ്യമന്ത്രിയുടെ ഓഫിസ് ഈ കുഞ്ഞു പരാതി ഗൗരവമായി എടുത്തു നടപടി സ്വീകരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സാമൂഹിക നീതി വകുപ്പിന് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫൈന്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ സൈക്കിള്‍ ലഭ്യമാക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍പി ബാബു സൈക്കിള്‍ കൈമാറി. ഫൈന്‍ ഗോള്‍ഡ് മാനേജര്‍ ഇടി സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സികെ പാത്തുമ്മ, ശശി കുമാര്‍ പേരാമ്പ്ര, പിടി അഷ്റഫ്, എം കുഞ്ഞമ്മദ്, റഷീദ് മുതുകാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, കഴിഞ്ഞ ദിവസം ഏലിക്കുളത്ത് മോഷ്ടിക്കപ്പെട്ട സൈക്കിളിന് പകരമായി ജസ്റ്റിന് എന്ന കുട്ടിക്കും മുഖ്യമന്ത്രി സൈക്കിള്‍ എത്തിച്ച് നല്‍കിയിരുന്നു. സൈക്കിള്‍ നഷ്ടപ്പെട്ടെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് പുതിയ സൈക്കിള്‍ വാങ്ങി നല്കാന് മുഖ്യമന്ത്രി കോട്ടയം കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടന്‍ കോട്ടയത്തു നിന്ന് സൈക്കിള്‍ വാങ്ങി കലക്ടര്‍ എം അഞ്ജന ജസ്റ്റിന്റെ വീട്ടിലെത്തിച്ചിരുന്നു.