കോഴിക്കോട്: ധാന്യങ്ങള്‍ തിന്നു തീര്‍ക്കുന്ന എലികള്‍ കര്‍ഷകന്റെ ശത്രുവാണെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ അതൊക്കെ ഇനി പഴങ്കഥയാണ്, കാര്‍ഷിക മേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ വന്നതോടെ എലികള്‍ കര്‍ഷകന്റെ മിത്രങ്ങളാണെന്നാണ് ഫിറോസ് ഖാന് പറയുന്നത്. പറയുകമാത്രമല്ല എലികളെ അരുമയായി വളര്‍ത്തി അത് തെളിയിച്ചിരിക്കുകയാണ് കുണ്ടായിത്തോട് ‘ബൈത്തുല്‍ ഖാന്‍സ്’ല്‍ ഫിറോസ് ഖാന്.
വെള്ള, തവിട്ട് തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള എലികള്‍ ഫിറോസ് ഖാന്റെ കൂട്ടിലുണ്ട്. വിലകൂടിയ ഇനം എലികളെ കോഴികള്‍ക്കും മറ്റു പക്ഷികള്‍ക്കും വലിയ ഇനം മത്സ്യങ്ങള്‍ക്കും തീറ്റയായി നല്‍കിയാണ് എലികള്‍ കര്ഷകമിത്രമാകുന്നത്. 400 മുതല്‍ 1200 രൂപ വരെയാണ് ഒരു ജോഡി എലിയുടെ വില. ഇത്രയും വില കൂടിയ എലിയെ എങ്ങനെ മത്സ്യങ്ങള്‍ക്കും കോഴികള്‍ക്കും തീറ്റയായി നല്‍കുമെന്ന് സംശയിക്കേണ്ട.
ഒരു എലി ജനിച്ചു രണ്ടര മാസം കൊണ്ടു പ്രായപൂര്‍ത്തിയായി പ്രസവിക്കാന്‍ തുടങ്ങും. 19 മുതല്‍ 21 ദിവസം കൊണ്ടു പ്രസവിക്കും. 3 മുതല്‍ 18 കുട്ടികള്‍ വരെയുണ്ടാകുമെന്നു ഫിറോസ് ഖാന് പറയുന്നു. പ്രസവിച്ചു മണിക്കൂറുകള്‍ക്കകം വീണ്ടും ഗര്‍ഭം ധരിക്കും. ഇത്തരത്തില്‍ പെരുകുന്നതു കാരണം കോഴികള്‍ക്കും പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ചെറിയ ചെലവില്‍ എലിയെ ഭക്ഷണമായി നല്‍കാനാകും.
ധാന്യം, പഴങ്ങള്‍ തുടങ്ങിയവയാണു എലികള്‍ക്കു പ്രധാന ഭക്ഷണം. 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കണം. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടാകാറില്ല. അതിനാല്‍ മരുന്ന് ആവശ്യമില്ല. കാട, കോഴി, പ്രത്യേകതരം പുഴു തുടങ്ങിയവയെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഫിറോസ്ഖാന് 7 വര്‍ഷം മുന്‍പാണ് എലികളെ വളര്‍ത്താന്‍ തുടങ്ങിയത്.
എന്നാല്‍ ഇവയെ അരുമയായി വളര്‍ത്താനാണു സാധാരണ ആളുകള്‍ വാങ്ങുന്നതെന്ന് ഫിറോസ് ഖാന് പറയുന്നു. ഭാര്യ ജസീല, സഹോദരന് യൂസഫലി എന്നിവര്‍ എല്ലാ സഹായത്തിനും കൂടെയുണ്ട്. കൂടാതെ വീട്ടില്‍ മാതാപിതാക്കളും മക്കളായ ഷാഹുല്‍ ഖാനും ഷഹബാദ് ഖാനും സഹായത്തിനുണ്ട്.