കോഴിക്കോട്: കാര്‍ഷിക രംഗത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് സ്വന്തമാക്കി ‘വണ്ടര്‍ ക്ലൈംബര്‍’.വണ്ടര്‍ ക്ലൈംബറിന്റെ നിര്‍മ്മാതാവായ റിട്ട.സെയില്‍ ടാക്സ് ഓഫിസര്‍ മായനാട് നമ്പിയേരി വീട്ടില്‍ പ്രകാശന് തട്ടാരിയെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത്. വിശ്രമജീവിതം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി നീക്കിവച്ചതിനുള്ള അംഗീകാരമാണു പ്രകാശന് തട്ടാരി പുരസ്കാരത്തെ കാണുന്നത്.
കമുകില്‍ കയറാതെ അടയ്ക്ക പറിക്കാനും മരുന്നു തളിക്കാനുമുള്ള യന്ത്രമാണു വണ്ടര്‍ ക്ലൈംബര്‍. ഈ ഉപകരണത്തിന് ഇന്ധനം ആവശ്യമില്ല. കപ്പി, കയര്‍ സംവിധാനത്തിലാണു യന്ത്രം കയറുന്നതും ഇറങ്ങുന്നതും. മുകളിലും താഴെയുമുള്ള 2 വളയങ്ങള്‍ കവുങ്ങില്‍ ഉറപ്പിച്ച ശേഷം വണ്ണം കൂടിയ കയര്‍ വലിക്കുകയും അത്രതന്നെ കയര്‍ അയച്ചുവിടുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുമ്പോള്‍ യന്ത്രം മുകളിലേക്കു നീങ്ങുന്നു.
യന്ത്രത്തിന്റെ മുകള്‍ ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക തരത്തിലുള്ള കത്തി അടയ്ക്കാ കുലയുടെ 6 ഇഞ്ച് താഴെ നിര്‍ത്തി കുറച്ചു ശക്തിയോടെ വലിച്ചാല്‍ കത്തി കുലയില്‍ തട്ടി അറ്റു യന്ത്രത്തിലുള്ള ‘വി’ ക്ലാംപില്‍ താങ്ങി നില്ക്കും. വണ്ണം കുറഞ്ഞ കയര്‍ വലിച്ചു യന്ത്രത്തെ അടയ്ക്കാ കുലയോടൊപ്പം താഴേക്കിറിക്കാം.
രണ്ടാമതൊരു കുല കൂടി പറിക്കാനുണ്ടെങ്കില് വണ്ണം കുറഞ്ഞ കയര്‍ ഒരു വശത്തേക്ക് വലിച്ച് യന്ത്രത്തെ ഏത് ദിശയിലേക്കും തിരിക്കാന്‍ പറ്റും. 8 വര്‍ഷം മുന്‍പാണു വണ്ടര്‍ ക്ലൈംബര്‍ കണ്ടു പിടിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രകാടെക് എന്ന കമ്പനി ഈ യന്ത്രം നിര്‍മിച്ചു വിതരണം നടത്തുന്നുമുണ്ട്. 8,250 രൂപ വിലയുള്ള വണ്ടര്‍ ക്ലൈംബര്‍ ഇതുവരെ 3,000 എണ്ണം വിറ്റു.
പുതിയറ കൃഷിഭവനാണ് ഇദ്ദേഹത്തിന്റെ വണ്ടര്‍ ക്ലൈംബര്‍ മത്സരത്തിന് അയച്ചത്. 2010 ല്‍ ഇദ്ദേഹം തെങ്ങില്‍ കയറുന്ന റിമോട്ട് കണ്ട്രോള് റോബട്ടിനെ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇതു വാണിജ്യപരമായി നിര്‍മിക്കാനായില്ല. പ്രകാശന് തട്ടാരിയുടെ ഭാര്യ പ്രീതാറാണി, മക്കള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരായ പ്രജിത്ത് പ്രശോഭ്.