നാദാപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ യുവതിയും 2 മക്കളും നടത്തുന്ന കുത്തിയിരിപ്പ് സമരം ഇന്ന് മൂന്നാം ദിവസത്തിലും തുടരുന്നു. ഒമാനില്‍ ജോലി ചെയ്യുന്ന കിഴക്കെ പറമ്പത്ത് ഷാഫിയുടെ ഭാര്യ വാണിമേല്‍ സ്വദേശിനി ഷഫീനയും മക്കളുമാണ് സമരം നടത്തുന്നത്.
പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍കുമാര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഫലവത്തായില്ല. ഷഫീനയെ മൊഴി ചൊല്ലാനുള്ള നീക്കത്തെ ഷഫീനയുടെ ബന്ധുക്കള്‍ എതിര്‍ത്തതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. വീട്ടില്‍ കുത്തിയിരിപ്പ് നടത്തുന്ന ഷഫീനയെ ഷാഫിയുടെ ബന്ധുക്കള്‍ അടക്കം അന്‍പതോളം പേര് വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതി ലഭിച്ചു. കലക്ടറെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് നിരീക്ഷണവും ഏര്‍പ്പെടുത്തി.
അതേസമയം, ഷമീനയുടെയും മക്കളുടെയും സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്തെത്തി. ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ വിപി കുഞ്ഞിക്കൃഷ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നെല്ല്യേരി ബാലന് തുടങ്ങിയവര്‍ യുവതിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഷഫീനയ്ക്കു കൂടി അവകാശപ്പെട്ടതാണ് വീടെന്നിരിക്കെ വീടു പൂട്ടി താക്കോല്‍ കൈവശപ്പെടുത്തിയതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ബള്‍ബുകള്‍ അഴിച്ചു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. തട്ടാറത്ത് പള്ളിക്കു സമീപത്തെ വീട്ടിനു പുറത്ത് സമരം ആരംഭിച്ച ഷമീനയ്ക്ക് നീതി ലഭിക്കുന്നതിന് ബാലാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും ഇടപെടുത്താനാണ് സിപിഎം നീക്കം.