ഇത്തിത്താനം: ചലച്ചിത്ര താരം സുകുമാരന്റെ കുടുംബ ചിത്രം വരച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ ശ്രീരാജിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം. ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത് ഭവനില്‍ രാധാകൃഷ്ണന് നായരുടെയും മണിയമ്മയുടെയും ഇളയ മകന് ശ്രീരാജാണു സുകുമാരന്റെ കുടുംബചിത്രം വരച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.
പെന്‍സിലും ബ്രഷും നിറങ്ങളും ഒന്നും ഉപയോഗിക്കാതെ പകര്‍ത്തിയ ഈ ചിത്രം അത്ര നിസ്സാരമല്ല. കാരണം ചെറിയ അരിമണികള്‍ കൊണ്ടാണ് ശ്രീരാജ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്ലൈവുഡില്‍ പച്ചരി വിതറിയാണു ചിത്രം ഒരുക്കിയത്. ഒരു മീറ്റര്‍ നീളവും വീതിയും ഉള്ളതാണ് കാന്‍വാസ്.
ഇന്ദ്രജിത്തും പൃഥ്വിരാജും ഇവരുടെ ഭാര്യമാരും മല്ലിക സുകുമാരനും ഉള്‍പ്പെടെയുള്ള സുകുമാരന്റെ താരകുടുംബത്തിന്റെ ചിത്രം 5 ദിവസം കൊണ്ടാണ് ഈ മിടുക്കന് പകര്‍ത്തിയത്. ആദ്യം കൂട്ടുകാരും നാട്ടുകാരും പിന്നീടു ചലച്ചിത്ര താരം പൃഥിരാജും ചിത്രം ഷെയര്‍ ചെയ്തതോടെ ശ്രീരാജിന്റെ ‘അരിമണി’ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം കരസ്ഥമാക്കിയ ശ്രീരാജ് നേരത്തെ 8 അടി വലുപ്പത്തില്‍ കളര്‍ പൊടിയില്‍ മോഹന്‍ലാലിന്റെ ചിത്രം ഒരുക്കിയിരുന്നു.