വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.
ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് കിടന്ന വാകത്താനം പഞ്ചായത്ത് 6-ാം വാര്‍ഡിലെ വീട്ടമ്മയെ ആണ് കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വാഹനം എത്താത്ത വീട്ടില്‍ നിന്നും റോഡ് വരെ സംഘം ഇവരെ തോളിലെടുത്താണു കൊണ്ടുപോയത്.
ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകള്‍ വല്ലപ്പോഴും വന്ന് പരിചരിച്ചിരുന്നു. അയല്‍വാസിയാണ് ഇവരുടെ അവസ്ഥ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് വാകത്താനം മേഖല പ്രസിഡന്റ് അനീഷ് ബാബു, വോളന്റിയര്‍മാരായ ശരത് ചന്ദ്രന്, അനന്ദു രാജു എന്നിവരടങ്ങുന്ന സംഘമാണ് വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രദേശത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായിരുന്നു. ഇതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു.