കോട്ടയം: നോക്കിനില്‍ക്കെ മുട്ടയുടെ തോടു പൊട്ടി മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ പുറത്തെത്തി. ഒന്നും രണ്ടുമല്ല 35 എണ്ണമാണ് ഭൂമിയിലേക്ക് വിരിഞ്ഞിറങ്ങിയത്. വനംവകുപ്പിന്റെ പാറമ്പുഴ ഡിവിഷന്റെ കീഴിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്.
5 ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. ഫെബ്രുവരി 15നു മറിയപ്പള്ളിയിലെ വീട്ടില്‍ നിന്ന് ലഭിച്ച മൂര്‍ഖന്‍ പാമ്പിന്റെ 35 മുട്ടകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞുങ്ങളായി മാറിയത്. പാറമ്പുഴ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫിസിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗമാണ് പാമ്പിന്‍കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. കുഞ്ഞുങ്ങളെ എരുമേലിക്കു സമീപം വനമേഖലയില്‍ വിട്ടയച്ചു.
അന്നു വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വനംവകുപ്പ് പ്രൊട്ടക്ഷന്‍ വാച്ചര്‍ കെഎ അഭീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് പാമ്പിനെ പിടിച്ചത്. എന്നാല്‍ പാമ്പിനെ അന്നു തന്നെ കാട്ടിലേക്കു വിട്ടയച്ചു. മുട്ടകള്‍ ഓഫിസ് വളപ്പിലെ പ്രത്യേക ഷെഡില്‍ കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചു. അന്നു മുതല്‍ കാലാവസ്ഥയിലെ തണുപ്പും ചൂടും അനുസരിച്ച് ചൂട് ക്രമീകരിച്ചു നല്കി വരികയായിരുന്നു.
കഴിഞ്ഞ 25നു മുട്ടകളില്‍ ഒന്നു പൊട്ടി ആദ്യ പാമ്പിന്‍കുഞ്ഞ് പുറത്തു വന്നു. പിന്നെയുള്ള ദിവസങ്ങളിലായി ബാക്കിയുള്ള മുട്ടയും വിരിഞ്ഞു. ഇന്നലെ വൈകിട്ട് എരുമേലിക്കു സമീപമുള്ള കാട്ടില്‍ പാമ്പിന്‍കുഞ്ഞുങ്ങളെ തുറന്നുവിട്ടു.
പാമ്പിന്‍കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ആവാസവ്യവസ്ഥയുള്ള സ്ഥലം കണ്ടെത്തിയാണ് ഉപേക്ഷിച്ചതെന്നു വനംവകുപ്പിന്റെ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ് സനീഷ്, ദിവ്യ എസ് രമണന്, പ്രൊട്ടക്ഷന്‍ വാച്ചര്‍ കെഎ അഭീഷ് എന്നിവര്‍ പറഞ്ഞു.
അപകടത്തില്‍പെടുന്ന വന്യജീവികളെ രക്ഷപ്പെടുത്തുകയും പരുക്കേല്‍ക്കുന്ന ജീവികളെ ചികിത്സിച്ച് ഭേദമാക്കി കാട്ടിലേക്ക് വിടുകയും ചെയ്യുന്ന സേവന പ്രവര്‍ത്തനമാണ് വനംവകുപ്പിന്റെ പ്രൊട്ടക്ഷന്‍ വിഭാഗം ചെയ്യുന്നത്.