കുമരകം: ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. തിരുവാര്‍പ്പ് പരപ്പേല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം.
ഇളയ സഹോദരന്റെ ചെരിപ്പ് തോട്ടില്‍ വീണത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മാലത്തുശ്ശേരില്‍ ഷാമോന്-സജീന ദമ്പതികളുടെ മകള്‍ റമീഷ വെള്ളത്തില്‍ വീണത്. പരപ്പേല്‍ രഞ്ജീവ്-രമ ദമ്പതികളുടെ മകന് പിആര്‍ കാശിനാഥാണു റമീഷയുടെ രക്ഷകനായി എത്തിയത്.
കോട്ടയം ലൂര്‍ദ് സ്കൂളിലെ വിദ്യാര്‍ഥിയായ കാശിനാഥ് മോഡല്‍ പരീക്ഷ കഴിഞ്ഞു വീടിനു സമീപത്തെ പുരയിടത്തില്‍ കളിക്കാന്‍ സൈക്കിളില്‍ പോകുകയായിരുന്നു. തോടിനു സമീപം 2 കുട്ടികള്‍ കൈ വീശുന്നത് കാശിനാഥ് കണ്ടു. തോട്ടില്‍ വീണ റമീഷയോടു കരയ്ക്കു കയറി വരാന്‍ പറയുകയായിരുന്നു കുട്ടികള്‍.
റമീഷ വെള്ളത്തില്‍ താഴുന്നതു കണ്ട കാശിനാഥ് ഉടന്‍തന്നെ വെള്ളത്തില്‍ ചാടി റമീഷയെ പിടിച്ചു നിര്‍ത്തി. ഏറെ ആഴമുള്ള തോടായതിനാല്‍ കാശിനാഥിന് ഒറ്റയ്ക്കു റമീഷയെ കരയ്ക്കു കയറ്റാന്‍ കഴിയാതെ വന്നു. തുടര്‍ന്നു സുഹൃത്ത് ആരോമലിന്റെ സഹായത്തോടെ റമീഷയെ കരയ്ക്കു കയറ്റുകയായിരുന്നു. കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റമീഷ.