കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. തന്റെ വിലയിരുത്തലില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നും അത് കഴിഞ്ഞാല്‍ ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഇവിടെ മതതീവ്രവാദികളില്‍ കുറച്ചുപേരുണ്ട്. അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ചവരാണ്. അന്ന് അവര്‍ ഭീകരവാദികളാണെന്ന് അറിഞ്ഞില്ല. അവരുടെ വോട്ട് വേണ്ടെന്നും തീവ്രവാദികളുടെ വോട്ട് വാങ്ങി ജയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം ഈരാറ്റുപേട്ടക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ഭീകരവാദത്തെ വളര്ത്താതിരിക്കുന്നതിനാണ് ഈരാറ്റുപേട്ടയിലെ പ്രചാരണം അവസാനിപ്പിച്ചതെന്നും ബോംബേറും ആയുധ പരിശീലനവും അവസാനിപ്പിച്ചതിന്റെ എതിര്‍പ്പാണ് തന്നോടുള്ളതെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.
‘രാജ്യത്തെ നശിപ്പിക്കാന്‍ തങ്ങള്‍പ്പാറയില്‍ വെടിപൊട്ടിച്ച് പഠിക്കുക ബോംബെറിഞ്ഞ് പഠിക്കുക, അതൊക്കെ നിര്‍ത്താന്‍ താന്‍ നടപടി സ്വീകരിച്ചു. അതൊക്കെയാ എന്നോടുള്ള പിണക്കം. ഇതൊന്നും സമ്മതിക്കാന്‍ പറ്റില്ല. അവരുടെ വോട്ട് വേണ്ട. കുളത്തുങ്കനും ടോമി കല്ലാനിയുമൊക്കെ വരും നിങ്ങളുടെ വോട്ട് ചോദിക്കാന്‍. എന്റെ പട്ടി പോലും വരില്ല നിങ്ങളുടെ വോട്ട് ചോദിക്കാന്‍. രാജ്യത്തെ സ്നേഹിക്കുന്ന മുസല്മാന്മാരുടെ വോട്ട് ചോദിക്കും’
എന്ന് പിസി ജോര്‍ജ്ജ് പറയുന്നു.