കാഞ്ഞിരപ്പള്ളി: രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി ബിടെക് വിദ്യാര്‍ത്ഥി. ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ ഇന്‍വെര്‍ട്ടഡ് പോര്‍ട്രെയ്റ്റ് രീതിയില്‍ വരച്ചാണ് പാറത്തോട് സ്വദേശി അമീന് സുബൈര്‍(20) ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടിയത്.
രാഷ്ട്രപതിമാരായ ഡോ. രാജേന്ദ്രപ്രസാദ്, സക്കീര്‍ ഹുസൈന്, ഗ്യാനി സെയില്‍ സിങ്, കെആര്‍ നാരായണന്, ഡോ. എപിജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, രാംനാഥ് കോവിന്ദ് തുടങ്ങിയവരുടെ ഇന്‍വെര്‍ട്ടഡ് പോര്‍ട്രെയ്റ്റുകള്‍ വരച്ചാണ് അമീന് റെക്കോര്‍ഡ് സ്വന്തമാക്കിയത്. പരേതനായ കൊച്ചുവീട്ടില്‍ സുബൈര്‍-ബീന ദമ്പതിമാരുടെ മകനും അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയുമാണ് അമീന്.
റെക്കോഡിനായി ഏഴുദിവസത്തെ സമയമാണ് അനുവദിച്ചത്. മൂന്നുദിവസംകൊണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതായി അമീന് പറഞ്ഞു. നെഗറ്റീവ് മാതൃകയിലാണ് ചിത്രം വരയ്ക്കുന്നത്. പേപ്പറില്‍ പെന്സിലുകൊണ്ട് വരച്ച ചിത്രങ്ങള്‍ മൊബൈലിലെ നെഗറ്റീവ് ആപ്പിലൂടെ ശരിയായ ചിത്രങ്ങളായി കാണാന്‍ സാധിക്കും.
അമീന് സുബൈറിനെ പാറത്തോട് പബ്ലിക് ലൈബ്രറി ആദരിച്ചു. പ്രസിഡന്റ് ടിഎ സെയ്നില്ല, സെക്രട്ടറി ടിവി സുരേഷ്, പിഐ അഫ്സല്, ബെന്നി നിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.