വൈക്കം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവതിയുടെ ഫോട്ടോ പകര്‍ത്തിയ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് യുവതിയുടെ ഭര്‍ത്താവ്. ഒടുവില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ പോലീസെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു വല്ലകം വളവിനു സമീപമാണു സംഭവം. വാഹന പരിശോധനയ്ക്കിടെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവതിയുടെ ഫോട്ടോ പകര്‍ത്തിയത്. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് തര്‍ക്കം രൂക്ഷമായി. ബഹളം കേട്ടു നാട്ടുകാര്‍ തടിച്ചുകൂടിയതോടെ വൈക്കം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും അനുനയിപ്പിച്ചു.
ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. പിന്‍സീറ്റിലെ യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്നാണു നിയമം. നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവരുടെ ചിത്രം എടുക്കാന്‍ അനുവാദം ഉണ്ടെന്നു പറഞ്ഞു. ബൈക്ക് യാത്രികന് ലൈസന്‍സ് കാണിക്കാതിരുന്നതാണു തര്‍ക്കത്തിനിടയാക്കിയതെന്നും കോട്ടയം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടോജോ എം തോമസ് പറഞ്ഞു.