പൂഞ്ഞാര്‍: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന റാലിയില്‍ കേരളത്തിന്റെ അഭിമാന താരമാകാന്‍ പൂഞ്ഞാറുകാരന്. ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഡല്‍ഹിയില്‍ നടക്കുന്ന റാലിയുടെ ഭാഗമായി കേരളത്തിന്റെ ഫ്ലോട്ടിലാണ് പൂഞ്ഞാറുകാരന് സന്ദീപ് ചെണ്ടയില്‍ മേളപ്പെരുമഴ തീര്‍ക്കാനൊരുങ്ങുന്നത്.
കേരളമാകെ അറിയപ്പെടുന്ന ചെണ്ടമേളം കലാകാരന് പൂഞ്ഞാര്‍ ശ്രീധരന്റെ കൊച്ചുമോനാണ് പൂഞ്ഞാര്‍ വയലിപ്പറമ്പില്‍ സന്ദീപ് ശിവദാസ്. മേളം പഠിച്ച് എട്ടാം ക്ലാസ് മുതല്‍ ഉത്സവ-പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പോയിരുന്ന സന്ദീപിന് ഇത് അഭിമാനനിമിഷം കൂടിയാണ്. സംഭവം അറിഞ്ഞതുമുതല്‍ പൂഞ്ഞാര്‍ നിവാസികളും അഭിമാനത്തേരിലാണ്.
മീനച്ചില്‍ താലൂക്കിലെ ഒട്ടുമിക്ക തിരുനാള്‍ നോട്ടിസുകളിലും ചെണ്ടമേളം എന്നത് പൂഞ്ഞാര്‍ ശ്രീധരന് ആന്‍ഡ് പാര്‍ട്ടി എന്നു രേഖപ്പെടുത്തിയത് കാണാം. അദ്ദേഹത്തിന്റെ അനന്തരവനും ചെണ്ടവാദ്യ രംഗത്തു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ചെണ്ടമേളം മാത്രമല്ല സ്വകാര്യ ബസില്‍ ഡ്രൈവറായും വളയം പിടിക്കുന്നുണ്ട് സന്ദീപ്. ഡല്‍ഹി എയിംസില്‍ നഴ്സായി ജോലി ചെയ്യുന്ന സിനിയാണു ഭാര്യ. 12 പേരാണ് റിപ്പബ്ലിക് ദിന പരേഡിനുള്ള കേരള ഫ്ലോട്ടിലുള്ളത്. 6 മേളക്കാരും 6 തെയ്യം കലാകാരന്മാരും.