കോട്ടയം: ഒന്നര വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം കുട്ടിക്ക് അപകടമില്ലാത്ത രീതിയില്‍ മറിച്ചുമാറ്റി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. പുതുപ്പള്ളി എള്ളുകാലാ മുട്ടത്തുശേരില്‍ വിജയ് എം കോരയുടെയും ചിഞ്ചുവിന്റെയും മകനാണ് തലയില്‍ പാത്രം കുടുങ്ങി അപകടത്തിലായത്. ഞായറാഴ്ച വൈകിട്ട് 5.30നാണു സംഭവം.
ഒന്നര വയസ്സുകാരന് ആല്ഫിന് ഉണ്ടായ അപകടത്തെക്കുറിച്ചു പറയുമ്പോള്‍ രക്ഷിതാക്കള്‍ ഇപ്പോഴും നടുക്കത്തിന്റെ നിഴലില്‍ തന്നെയാണ്. കുഞ്ഞിന്റെ വിമ്മിഷ്ടം കണ്ട് ഒരു നിമിഷത്തേക്ക് തല കറങ്ങിപ്പോയെങ്കിലും പെട്ടെന്നു തന്നെ ഫയര്‍ഫോഴ്സിന്റെ അടുത്തേക്കു പോകാന്‍ തോന്നിയതു രക്ഷയായി. എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിച്ച നിമിഷമായിരുന്നു അതെന്ന് വീട്ടുകാര്‍ പറയുന്നു.
അടുക്കളയില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു ആല്ഫിന്. ഇതിനിടെ പാത്രം എടുത്ത് ആല്ഫിന് തൊട്ടടുത്ത ഹാളിലേക്കു പോയി. കുഞ്ഞിന്റെ കരച്ചില് കേട്ട് ചിഞ്ചു പോയി നോക്കിയപ്പോഴാണ് പാത്രം നെറ്റി വരെ ഇറങ്ങിയ നിലയില്‍ കണ്ടത്. എടുക്കാന്‍ ശ്രമിച്ചെങ്കിലും തലയില്‍ മുറുകി ഇരുന്നതിനാല്‍ സാധിച്ചില്ല. കുഞ്ഞ് ഉറക്കെക്കരയാന്‍ തുടങ്ങി. ഒട്ടും അമാന്തിച്ചില്ല, ഉടന്‍ തന്നെ കോട്ടയം ഫയര്‍ സ്റ്റേഷനിലേക്ക് കുഞ്ഞിനെ വിജയ് കാറിലെത്തിച്ചു.
പുളിമൂട് കവലയ്ക്കു സമീപത്തെ ഓഫിസ് വളപ്പിലേക്ക് ലൈറ്റിട്ട് വേഗത്തില്‍ വന്ന കാര്‍ കണ്ട് ജീവനക്കാര്‍ ഒരു നിമിഷം അമ്പരന്നുവെങ്കിലും സംഭവം മനസ്സിലായതോടെ കുട്ടിയുടെ രക്ഷിതാക്കളെ സമാധാനിപ്പിച്ചു. അവിടെ എത്തി 10 മിനിറ്റേ വേണ്ടി വന്നുള്ളു. എല്ലാ ഭംഗിയായി നടന്നു. കുഞ്ഞിന്റെ കരച്ചില് മാറ്റാനാണ് കുറച്ചു സമയം വേണ്ടി വന്നതെന്ന് പാത്രം അപകടമില്ലാതെ മുറിച്ചു മാറ്റിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ പറയുന്നു.
ഫോണില്‍ കാര്‍ട്ടൂണ്‍ കാട്ടിക്കൊടുത്താണ് കുട്ടിയുടെ പേടിമാറ്റിയതെന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ആര്. പ്രസേന്ദ്രന്‍ പറഞ്ഞു. ഓഫിസിലെ എല്ലാവരും സഹകരിച്ചാണ് കുട്ടിയുടെ തലയില്‍ നിന്നു പാത്രം എടുത്തത്. ഇരു വശവും ചെറുതായി മുറിച്ചതോടെ പാത്രം ഊരിപ്പോന്നു. ഇതോടെ ആശങ്ക ആശ്വാസത്തിനു വഴി മാറുകയായിരുന്നു.