നായയെ ക്രൂരമായി കാറിന് പിന്നില്‍ വലിച്ചുകെട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഇവിടെ കോട്ടയത്ത് വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന് വെടിഞ്ഞ നായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
കുമരകം ഇടവട്ടം തെക്കേത്തറ ബാബുവിന്റെ വീട്ടിലെ കുട്ടു എന്ന നായയാണ് അണലിയോട് പൊരുതി ജീവന് വെടിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഏഴിനാണു സംഭവം. നായയുടെ പതിവില്ലാത്ത കുര കേട്ടാണു ബാബുവും കുടുംബവും പുറത്തേക്കു നോക്കിയത്. ഈ സമയം വീടിനു സമീപത്തു അണലിയും കുട്ടുവും (4)തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയായിരുന്നു.
പാമ്പിന്റെ കടിയില്‍ നിന്നു കുട്ടുവിനെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടു പിന്നോട്ടു പോകാതെ പാമ്പിനെ നേരിട്ടു കൊണ്ടിരുന്നു. പാമ്പ് ചത്തെന്നു മനസ്സിലാക്കിയതോടെയാണു കുട്ടു പിന്മാറിയത്. എന്നാല്‍ ഈ സമയം കുട്ടു അവശനായിക്കഴിഞ്ഞിരുന്നു.
കുട്ടുവിനു പാമ്പിന്റെ കടിയേറ്റെന്നു മനസ്സിലായതോടെ വീട്ടുകാര്‍ ഉടന്‍തന്നെ കോടിമതയിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. അവശനായ നായ്ക്കു കുത്തി വയ്പ് നടത്തണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. 7000 രൂപയായിരുന്നു മരുന്നിന്റെ വില. കുത്തിവയ്പ് നടത്തിയ ശേഷം കുട്ടുവിനെ വീട്ടില്‍ കൊണ്ടു വന്നു. എന്നാല്‍ രാത്രി പത്ത് മണിയോടെ കുട്ടു എന്നേക്കുമായി യാത്രയായി.
ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണു നായക്കുട്ടിയെ ബാബുവിനു കിട്ടിയത്. പാടശേഖരത്ത് വെള്ളം കയറിക്കിടക്കുമ്പോള്‍ വള്ളത്തിലാണു ബാബുവും കുടുംബം സമീപപ്രദേശത്തേക്ക് പോകുന്നത്. വള്ളത്തില്‍ വീട്ടുകാര്‍ കയറുമ്പോള്‍ കുട്ടുവും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുമായിരുന്നു.