കൊല്ലം: സ്ഥലപ്പേര് ഇനി എല്‍ഇഡിയില്‍ തെളിയും, മുഴങ്ങുന്ന റിവേഴ്സ് അലാം, സംവരണ സീറ്റുകള്‍ക്ക് പ്രത്യേക നിറം തുടങ്ങി പുതുപുത്തന്‍ സ്റ്റൈലിലേക്ക് മാറുകയാണ് നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
കെഎസ്ആര്‍ടിസി ബസിന്റെ സ്ഥലപ്പേരു ബോര്‍ഡില്‍ ഇനി എല്‍ഇഡി വെളിച്ചം ഉണ്ടാകും. ബസ് പിന്നിലേക്ക് എടുക്കുമ്പോള്‍ മുഴങ്ങുന്ന റിവേഴ്സ് അലാം സിസ്റ്റവും സ്ഥാപിക്കും. സംവരണ സീറ്റുകള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കളര്‍ കോഡിങ് നടത്തും തുടങ്ങിയവയാണ് പരിഷ്കാരങ്ങള്‍.
കൂടാതെ ജീവനക്കാര്‍ക്കും കുടുതല്‍ സൗകര്യം ഒരുക്കുന്നുണ്ട്. ഡ്രൈവര്‍ കാബിനിലെ ചൂട് കുറയ്ക്കുന്നതിന് എല്ലാ ബസിലും എയര്‍വെന്റ് ഡോര്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രൈവറുടെ സീറ്റ് പൊസിഷന്‍ സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കുന്നതിനു സംവിധാനം നടപ്പാക്കിയിരുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കും കുപ്പിവെള്ളം വയ്ക്കുന്നതിനുള്ള സംവിധാനവും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
സ്ഥലപ്പേരു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നു പരാതി ഉയര്‍ന്നിരുന്നു. രാത്രികാലങ്ങളിലാണ് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇതു പരിഹരിക്കാനാണ് എല്‍ഇഡി വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനാണ് റിവേഴ്സ് അലാം സംവിധാനം. സംവരണ സീറ്റുകള്‍ക്ക് പ്രത്യേക നിറം നല്‍കിയാണ് കളര്‍ കോഡിങ് നടപ്പാക്കുന്നത്.