ചാത്തന്നൂര്‍: വീട്ടുകാരുമായി വഴക്കിട്ടു ഇത്തിക്കരയാറ്റില്‍ ചാടിയ വയോധികയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍. കൊട്ടിയം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആദിച്ചനല്ലൂര്‍ മാമ്പഴത്ത് കിഴക്കതില്‍ വീട്ടില്‍ ജയകൃഷ്ണനാണ് (28) 84 വയസുകാരിയായ ആദിച്ചനല്ലൂര്‍ സ്വദേശിയെ മരണക്കയത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
പോലീസ് ഉദ്യോഗസ്ഥന് നല്കിയ വിവരമനുസരിച്ച് ജയകൃഷ്ണന് രക്ഷപ്പെടുത്തിയ ശേഷം ആദിച്ചനല്ലൂര്‍ സ്വദേശിയായ സിദിന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷം വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചാത്തന്നൂര്‍ സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ഉണ്ണിക്കൃഷ്ണപിള്ള ഡ്യൂട്ടി സ്ഥലത്തേക്കു പോകുമ്പോഴാണ് ഇത്തിക്കര കൊച്ചുപാലത്തിനു സമീപം വയോധിക ആറ്റിലിറങ്ങാന്‍ ശ്രമിക്കുന്നത് കണ്ടത്. ഇറങ്ങരുതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയ ശേഷം ഇവര്‍ ആറ്റിലേക്ക് ചാടി.
മറ്റൊരാളുടെ സഹായം തേടിയെങ്കിലും അയാള്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുവഴി ഓട്ടോറിക്ഷയുമായി എത്തിയ ജയകൃഷ്ണന് വിവരം അറിഞ്ഞതോടെ ആറ്റിലേക്കു ചാടുകയായിരുന്നു.
ആറ്റില്‍ നിന്ന് വയോധികയെ കിട്ടിയപ്പോള്‍ ചലനമില്ലായിരുന്നെന്ന് ജയകൃഷ്ണന് പറഞ്ഞു. കരയില്‍ എത്തിച്ചു മുതുകില്‍ തട്ടിയതോടെ ഒന്നു പിടഞ്ഞു. പിന്നെ വിളി കേട്ടു. ബോധം തെളിഞ്ഞു. പിന്നീടാണ് ഇവര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. ആദിച്ചനല്ലൂര്‍ സ്വദേശിയായ വയോധികയുടെ വീട്ടിലെ മറ്റുള്ളവരും കോവിഡ് ബാധിതരാണ്.