കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച 59കാരന് അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത് പാരിപ്പള്ളി സ്വദേശി ബാബു (59)വിനെ ആണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടു തോപ്പില്‍ക്കടവ് കായല്വാരത്താണു സംഭവം. ദിലീപിനോട് ബാബു മദ്യം വാങ്ങി നല്കാന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാങ്ങി നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു.
വെസ്റ്റ് പോലീസ് സംഘം അക്രമം നടന്ന സ്ഥലത്തു നിന്നു തന്നെ ബാബുവിനെ പിടികൂടി. ഇയാളെ റിമാന്‍ഡ് ചെയ്തു. വെസ്റ്റ് ഇന്‍സ്പെക്ടര്‍ രജീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ പ്രേംലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അബു താഹിര്‍, ബിനു, മുഹമ്മദ് ഷാഫി, സുനില്‍ കുമാര്‍, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ മാസ്ക് ധരിക്കാതെ മദ്യം വാങ്ങാന്‍ വന്നയാളെ പുറത്താക്കിയ ബവ്റിജസ് കോര്പറേഷന് ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ ബവ്റിജസ് നെടുമ്പാശേരി ഷോപ്പിലെ ക്ലാര്‍ക്ക് സേവ്യര്‍ തോമസ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടി.
മാസ്ക് ധരിക്കാതെ സെല്‍ഫ് സര്‍വീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാര്‍ ബലമായി പുറത്താക്കുകയായിരുന്നു. സേവ്യര്‍ തോമസ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍, ഓട്ടോറിക്ഷയില്‍ കാത്തിരുന്ന ഇയാള്‍ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.