കൊട്ടാരക്കര: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ ഇനിമുതല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീഴും. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുന്നവരെയും ഭയപ്പെടുത്തി വാഹനമോടിക്കുന്ന ഫ്രീക്കന്മാരെയും പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് രംഗത്തിറങ്ങുന്നു.
‘സോഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രോഗ്രാം’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. പൊതുജനങ്ങളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്താനും നടപടിയെടുക്കാനുമാണ് തീരുമാനം.
മാലിന്യവുമായെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവരെ നിരീക്ഷിക്കുകയും പിടികൂടി കേസെടുക്കുകയും ചെയ്യും. വാഹനം പിടിച്ചെടുക്കല്‍, ലൈസന്‍സ് റദ്ദാക്കല്‍, പിഴ ഈടാക്കല്‍ തുടങ്ങിയവയ്ക്കു പുറേമേ തുടര്‍നടപടികള്‍ക്കായി കേസ് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമായി ചര്‍ച്ച തുടങ്ങി. പദ്ധതിയുടെ പൂര്‍ണരൂപം തയ്യാറാക്കാനായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച കൊട്ടാരക്കര ആര്‍ടിഓഫീസില്‍ നടക്കും.
പൊതുനിരത്തില്‍ മാലിന്യം തള്ളുന്നതിനെതിരായ പരാതികള്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ 9188961002 എന്ന മൊബൈല്‍ നമ്പരിലേക്ക് ആര്‍ക്കും നേരിട്ട് അയയ്ക്കാം. മാലിന്യം തള്ളുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും അപകടകരമായി വാഹനം ഓടിക്കുന്നവരുടെ ദൃശ്യങ്ങളും ഇത്തരത്തില്‍ കൈമാറാം. കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം മേഖലകളിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക.