ചടയമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ മടങ്ങവേ കാറിടിച്ചു റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ചോര വാര്‍ന്നു മരിച്ചു. കുരിയോട് കുന്നുംപുറം കൃഷ്ണ വിലാസത്തില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അമ്പിളി(45)യാണു മരിച്ചത്.
ഇന്നലെ രാവിലെ 11.30ന് മുരുക്കുമണ്‍ സ്കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്കു മടങ്ങവേ കുരിയോട് മുരുക്കുമണ്ണിനു സമീപത്തായിരുന്നു അപകടം. സംഭവസമയം ഹൈവേ പോലീസിന്റേതടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും നിര്‍ത്തിയില്ല. പിന്നീട് സ്ഥലത്തെത്തിയ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടമ്മ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സാരമായ പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയിലാണ്. ചടയമംഗലത്തെ ഡ്രൈവിങ് സ്കൂളിന്റെ കാറിടിച്ചു സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ അമ്പിളിക്കു തലയ്ക്കു ഗുരുതര പരുക്കേറ്റു. രക്തം വാര്‍ന്നു കിടന്ന അമ്പിളിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ഉണ്ണിക്കൃഷ്ണനും അവശനിലയിലായിരുന്നു. വാഹനങ്ങള്‍ പലതുമെത്തിയെങ്കിലും നിര്‍ത്താതെ പോയി.
പിന്നീട് ഇതു വഴി വന്ന കൊട്ടാരക്കര റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി: എസ് അനില്‍കുമാര്‍ ദമ്പതികളെ തന്റെ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്പിളി മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് നടക്കും. മക്കള്‍: രാഹുല്‍, അനാമിക.
തിരുവനന്തപുരം സ്വദേശി ബനഡിക്ട് എയ്ഞ്ചലിന്റെ പേരിലുള്ളതാണു കാര്‍. ഇദ്ദേഹത്തിനെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. പോളിങ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊട്ടാരക്കരയിലേക്കു മടങ്ങുകയായിരുന്നു ഡിവൈഎസ്പി. ഡിവൈഎസ്പിയും ഡ്രൈവറും ചേര്‍ന്നാണ് ഇരുവരെയും ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.
അപകടം കണ്ടിട്ടും ഗൗനിക്കാതെ പോയ ഹൈവേ പട്രോളിങ് സംഘത്തെ പിന്നീട് ഡിവൈഎസ്പി താക്കീത് ചെയ്തു. ഹൈവേ പോലീസ് സംഘത്തിന്റെ ചുമതലയിലുണ്ടായിരുന്ന എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുമെന്നു ഡിവൈഎസ്പി വ്യക്തമാക്കി.