കൊല്ലം: വൈകിട്ട് 6 മുതല്‍ 7 വരെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിനു വേണ്ടി സമയം നീക്കി വച്ചിട്ടുണ്ടെങ്കിലും ഈ സമയം പോളിങ് ബൂത്തിലെത്തുന്ന മറ്റുള്ളവര്‍ക്കും വോട്ടു ചെയ്യാമെന്ന് കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
വൈകിട്ട് 7 മണി വരെ എത്തുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട്. കൊവിഡ് ബാധിതരും ക്വാറന്റീനില്‍ കഴിയുന്നവരും പിപിഇ കിറ്റ് ധരിച്ചു വേണം എത്തേണ്ടത്. പോളിങ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കണം. വോട്ട് ചെയ്യാനെത്തുന്ന എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണം. സ്റ്റേഷനില്‍ കയറുമ്പോഴും മടങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.
ഇരട്ട വോട്ടു ചെയ്താലും വ്യാജ വോട്ടു ചെയ്താലും കര്‍ശന നടപടിയുണ്ടാകും. ഓരോ മണ്ഡലത്തിലെയും പ്രിസൈഡിങ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി വാട്സാപ് ഗ്രൂപ് രൂപീകരിച്ചു. പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് ഇരട്ട- വ്യാജ വോട്ടറുടെ പട്ടിക നല്‍കിയിട്ടുണ്ട്. ഇവര്‍ ബൂത്തില്‍ എത്തുമ്പോള്‍ കൃത്യമായ പരിശോധിക്കും. അവരുടെ ഫോട്ടോ എടുക്കും.
വ്യാജ വോട്ട് കണ്ടെത്തുന്നതിനായി പ്രത്യേകം ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് വോട്ടറുടെ പടം അപ് ലോഡ് ചെയ്യും. വ്യാജ- ഇരട്ട വോട്ട് ആണെന്നു കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസ് എടുക്കും. ഫോട്ടോ പ്രിസൈഡിങ് ഓഫിസര്‍മാരുടെ വാട്സാപ് ഗ്രൂപ്പിലേക്കും കൈമാറും.
പ്രിസൈഡിങ് ഓഫിസര്‍ ആവശ്യപ്പെട്ടാല്‍ മാസ്ക് മാറ്റണം. വോട്ടറെ തിരിച്ചറിയുക എന്നതാണ് പ്രധാനം. മുഖാവരണം മാറ്റാന്‍ തയ്യാറല്ലാത്തവര്‍ വോട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല എന്നു കരുതുമെന്ന് കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ ബൂത്തുകളും ഇന്നലെ രാത്രിയോടെ സജ്ജമായി. ഉച്ചകഴിഞ്ഞാണു ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ദീര്‍ഘനാളായി അടച്ചിട്ടിരുന്ന സ്കൂളുകള്‍ പലതും ശുചീകരിച്ചിട്ടു പോലുമില്ലായിരുന്നു. അവ ഉദ്യോഗസ്ഥര്‍ തന്നെ വൃത്തിയാക്കിയാണ് ബൂത്ത് സജ്ജമാക്കിയത്. ഇതിനിടയില്‍ സെക്ടറല്‍ ഓഫിസര്‍മാര്‍ എത്തി. സാമഗ്രികളില്‍ കുറവുള്ളത് എത്തിക്കാനായിരുന്നു അത്.ജില്ലയില്‍ 3213 പോളിങ് സ്റ്റേഷനില്‍ 13 എണ്ണം വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പിങ്ക് ബൂത്തുകളാണ്. ഈ ബൂത്തുകളിലെ വെബ് കാസ്റ്റിങ് ചുമതലയും വനിതകള്‍ക്കാണ്.