കൊല്ലം: കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. സിനിമാ താരങ്ങളും കളത്തിലേക്ക് ഇറങ്ങിയതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിന് വോട്ട് തേടി സിനിമാതാരം ആസിഫ് അലി റോഡ് ഷോ നടത്തി.
നടനും സിറ്റിംഗ് എംഎല്‍എയുമായ മുകേഷ് വീണ്ടും ജനവിധി തേടുമ്പോള്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാക്കി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തങ്കശേരിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.
തീരദേശത്തെ വിവിധ മേഖലകളിലെത്തിയ ആസിഫ് അലി സഹപ്രവര്‍ത്തകനായ മുകേഷിനായി വോട്ട് അഭ്യര്‍ഥിച്ചു. തീരദേശത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പര്യടനം നടത്തി.
അതേസമയം, കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ മണ്ഡലത്തിന്റെ തീരമേഖലയില്‍ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നെന്ന വിമര്‍ശനമുയര്‍ത്തി ഇടത് സ്ഥാനാര്‍ഥി എം മുകേഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനമുന്നയിക്കുന്ന വനിതകളെ എംഎല്‍എ വ്യക്തിപരമായി ആക്ഷേപിക്കുന്നെന്നാണ് യുഡിഎഫ് പ്രതികരണം.