ഓയൂര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാലകള്‍ എടുത്തു ഓടി രക്ഷപ്പെട്ട് യുവാവ്. സെയില്സ്മാന് പുറകെ ഓടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. കരിങ്ങന്നൂര്‍ ഏഴാംകുറ്റി രാജാലയത്തില്‍ ബാബുരാജന്റെ, ഓയൂര്‍ പടിഞ്ഞാറെ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ വെള്ളിയാഴ്ച രാത്രി 7.15നായിരുന്നു സംഭവം.
ഈ സമയം ഉടമ ബാബുരാജനും സെയില്സ്മാന് ജോബി യോഹന്നാനും കടയിലുണ്ടായിരുന്നു. 7 മണിയോടെയാണു കടുംനീല നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും കയ്യില്‍ നീല നിറത്തിലുള്ള ഗ്ലൗസും ധരിച്ച, മെലിഞ്ഞു നീളമുള്ള 35 വയസ്സ് തോന്നുന്നയാള്‍ എത്തിയത്. ഒന്നര പവന് തൂക്കമുള്ള സ്വര്‍ണമാല വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനാല്‍ ഉടമ കുറെ മാലകള്‍ പുറത്തെ റാക്കില്‍ ഇട്ടു.
മാല പരിശോധിച്ച യുവാവ് ഇതില്‍ നിന്ന് ഒന്നര പവന് വീതം തൂക്കമുള്ള 3 മാലകള്‍ തിരഞ്ഞെടുത്തു. സഹോദരന് അടുത്ത പമ്പില്‍ വാഹനത്തിന് പെട്രോള്‍ അടിക്കാന്‍ പോയതാണെന്നും അയാളുടെ പക്കലാണ് പണമെന്നും ഉടനെത്തുമെന്നും പറഞ്ഞ് അവിടെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയിട്ട് മടങ്ങിയെത്തി 3 മാലകളും തട്ടിയെടുത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. സെയില്സ്മാന് ഇയാളുടെ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. 36 ഗ്രാം തൂക്കമുള്ള 3 മാലകള്‍ക്കും കൂടി 1,65,600 രൂപ വിലയുണ്ടെന്ന് ഉടമ അറിയിച്ചു.
ഒരുമാസത്തിലധികമായി ജ്വല്ലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.