കൊല്ലം: ഊണും ഉറക്കവും ഉപേക്ഷിച്ച് ബീഗുവിനായുള്ള ഏബലിന്റെ കാത്തിരിപ്പു വെറുതെയായില്ല, റോഡരികില്‍ നിന്നു ബീഗുവിനെ എടുത്തു കൊണ്ടു പോയവര്‍ തന്നെ അതിനെ തിരികെ എത്തിച്ചു. കാണാതായ നായ്ക്കുട്ടിയെ തിരിച്ചുകിട്ടിയതോടെ ഏബല്‍ ഹാപ്പിയായി.
കപ്പലണ്ടി മുക്ക് സ്വദേശിയായ 10 വയസ്സുകാരന് ഏബല്‍ ഏറെ ഓമനിച്ചു വളര്‍ത്തിയിരുന്ന ബീഗു എന്ന നായ്ക്കുട്ടിയെ ഇക്കഴിഞ്ഞ 20നാണു നഷ്ടപ്പെട്ടത്. വീട്ടു മുറ്റത്തു നിന്നു റോഡിലേക്കിറങ്ങിയ നായ്ക്കുട്ടിയെ അതുവഴി ബൈക്കില്‍ സഞ്ചരിച്ച രണ്ടു പേര് എടുത്തു കൊണ്ടു പോകുന്നതായി സമീപത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
വളര്‍ത്തു നായയെ നഷ്ടപ്പെട്ട ഏബലിന്റെ വിഷമം കണ്ട വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതു വാര്‍ത്തയാവുകയും ചെയ്തു. ഇതിനിടെയാണു യുവാക്കള്‍ നായ്ക്കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്. ബോധപൂര്‍വം വളര്‍ത്തു നായയെ മോഷ്ടിക്കുകയായിരുന്നില്ലെന്ന് അവര്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി. ഇതോടെ പരാതി ഒഴിവാക്കിയ ഏബലിന്റെ വീട്ടുകാര്‍ അവര്‍ക്കു നന്ദി പറഞ്ഞു.
കളിക്കൂട്ടുകാരനായ ബീഗു തിരികെ വരുന്നതും കാത്ത് 3 ദിവസമായി ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു പത്തു വയസ്സുകാരനായ ഏബല്‍. വളര്‍ത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ള ഏബലിന് 3 മാസം മുന്‍പാണ് ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെ വീട്ടുകാര്‍ വാങ്ങി നല്‍കിയത്.