കല്ലുവാതുക്കല്‍: വര്‍ക്ഷോപ്പില്‍ നിന്നു ബൈക്ക് മോഷ്ടിച്ചു ദേശീയപാതയില്‍ ചുറ്റിക്കറങ്ങുന്നതിനിടെ ഷോപ്പ് ഉടമയുടെ മുന്നില്‍ ചെന്നുപെട്ടു. ഇതോടെ കൗമാരക്കാരന് ഉള്‍പ്പെടെ 2 പേര് പോലീസിന്റെ പിടിയിലായി. ചാത്തന്നൂര്‍ സ്വദേശികളായ യുവാക്കളാണ് പോലീസിന്റെ പിടിയിലായത്.
കല്ലുവാതുക്കല്‍ ശ്രീരാമപുരത്തെ ടൂ വീലര്‍ വര്‍ക്ഷോപ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് ബൈക്ക് മോഷണം പോയത്. ഇതു സംബന്ധിച്ചു ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷോപ്പ് ഉടമ കൊല്ലത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് കാറില്‍ വരുമ്പോള്‍ കൊട്ടിയത്തിനു സമീപത്തു വച്ച് മോഷണം പോയ ബൈക്ക് കണ്ടു.
തുടര്‍ന്ന് ബൈക്കിനെ കാറില്‍ പിന്തുടര്ന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ കൂട്ടാക്കിയില്ല. അമിതവേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തിരക്കേറിയ ഭാഗത്ത് വച്ചു തന്ത്രപൂര്‍വം ബൈക്ക് തടഞ്ഞു. പോലീസ് എത്തി ചാത്തന്നൂര്‍ സ്വദേശികളായ യുവാക്കളെയും ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ഏതാനും ആഴ്ച മുന്‍പും ബൈക്ക് മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.