ചടയമംഗലം: പത്തനംതിട്ടയില്‍ സ്ത്രീയുടെ മാല കവര്‍ന്നു ഓടിയ കള്ളനു പിന്നാലെ പോലീസിന്റെ സിനിമാ സ്റ്റൈല്‍ ചേയ്സിങ്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആയൂരില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പോലീസ് ഓടിച്ചിട്ടു പിടികൂടി.
പത്തനംതിട്ടയില്‍ നിന്ന് മാല കവര്‍ന്നു ചടയമംഗലത്തെ ക്വാറിക്കു സമീപത്തെ കാട്ടില്‍ ഒളിച്ച ഇവര്‍ക്കുവേണ്ടി അഗ്നിരക്ഷാസേന ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കെഎസ്ആര്‍ടിസി ബസില്‍ പ്രതികളുടെ രക്ഷപ്പെട്ടു. ഒടുവില്‍ ആയൂരില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയതോടെ ഇവര്‍ ചടയമംഗലം പോലീസിന്റെ കസ്റ്റഡിയിലായി.
ആലങ്കോട് സ്വദേശി കാശിനാഥ്, കടയ്ക്കാവൂര്‍ സ്വദേശി അജിത്ത് എന്നിവരെയാണ് ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടിയത്. പല യൂണിറ്റുകളില്‍ നിന്നായി പോലീസ് 40 കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് ഇരുവരും പിടിയിലായത്. സിനിമയെ വെല്ലുന്ന പോലീസിന്റെ ചേസിങ് ഇങ്ങനെ,
പത്തനംതിട്ട കൂടലില്‍ നിന്നു സ്ത്രീയുടെ മാല പൊട്ടിച്ചു രണ്ടു പേര് ബൈക്കില്‍ രക്ഷപ്പെട്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. പ്രതികളുടെ വേഷത്തെക്കുറിച്ചും സൂചന ലഭിച്ചിരുന്നു. ആയൂര്‍ ഭാഗത്തു ബൈക്ക് ശ്രദ്ധയില്‍പെട്ട ഹൈവേ പോലീസ് ഇവരെ പിന്തുടര്ന്നു. ചടയമംഗലം പോലീസിലും വിവരമറിയിച്ചു.
തുടര്‍ന്ന് ചടയമംഗലം എസ്ഐ ശരലാലിന്റെ നേതൃത്വത്തില്‍ എംസി റോഡില്‍ ജീപ്പ് റോഡിനു കുറുകെ നിര്‍ത്തി ബൈക്ക് തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ സമീപത്തെ പഴയ എംസി റോഡ് വഴി രക്ഷപ്പെട്ടു. നെട്ടേത്തറ ഭാഗത്തെ ക്വാറിക്കു സമീപത്തേക്കു ബൈക്ക് ഓടിച്ചു പോയ ഇവര്‍ക്കു പിന്നാലെ പോലീസും പാഞ്ഞു. തുടര്‍ന്നു ബൈക്ക് ഉപേക്ഷിച്ചു കടന്ന പ്രതികള്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
അഞ്ചല്‍, കടയ്ക്കല്‍ സ്റ്റേഷനുകളില്‍ നിന്നു പോലീസ് എത്തി. തുടര്‍ന്ന് പോലീസും നാട്ടുകാരും ക്വാറിക്കു സമീപത്തെ കാടുമൂടിയ ഭാഗങ്ങളിലും മറ്റും പരിശോധന നടത്തി. രാത്രിയില്‍ ഇവര്‍ പുറത്തു വരുമെന്ന കണക്കുകൂട്ടലിലായിരുന്നു പരിശോധന. പരിചയമില്ലാത്തവരെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന നിര്‍ദേശം പോലീസ് പ്രദേശവാസികള്‍ക്കു നല്കി.
പിന്നീട്, രാത്രിയോടെ രണ്ടു പേര് കെഎസ്ആര്‍ടിസി ബസില്‍ കയറിപ്പോയെന്ന വിവരം പോലീസിനു ലഭിച്ചു. ബസ് തിരിച്ചറിഞ്ഞ പോലീസും നാട്ടുകാരും ബസിനെ പിന്തുടര്ന്ന് ആയൂരിലെത്തി. പോലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലായതോടെ ബസില്‍ നിന്നു ചാടി പ്രതികള്‍ ഓടി. ടൗണിലൂടെ ഓടിയ ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്നു സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.