കൊല്ലം: യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായ ശേഖരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്കു തയാറെടുത്തു കെഎസ്ആര്‍ടിസി. സര്‍വേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സാധാരണ യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ സൗകര്യപ്രദമായി പുനഃക്രമീകരിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജോലി ആവശ്യത്തിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കായി പ്രധാന നഗരങ്ങളിലേക്കു ഗ്രാമീണ റോഡുകള്‍ വഴി കൂടുതല്‍ ബസുകള്‍ ഓടിക്കും. ഇത്തരത്തില്‍ ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്നു പരവൂര്‍ പുനലൂര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സര്‍വേ വഴിയും അല്ലാതെയും യാത്രക്കാരില്‍ നിന്നു കെഎസ്ആര്‍ടിസി സര്‍വീസ് സംബന്ധമായ അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. ഡിപ്പോയില്‍ നിന്നു ഡിപ്പോകളിലേക്ക് എന്ന പതിവു രീതിക്കും മാറ്റമുണ്ടാകും. ജില്ലയിലെ പ്രധാന ഓഫിസുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയാകും ഇനി സര്‍വീസ് ഡെസ്റ്റിനേഷന്‍.
പുനലൂരില്‍ നിന്നു കൊല്ലം ബോര്‍ഡ് വച്ചു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു വന്നിരുന്ന ബസ് ഇനി മുതല്‍ കൊല്ലം സിവില്‍ സ്റ്റേഷന് ബോര്‍ഡ് വച്ചായിരിക്കും സര്‍വീസ് നടത്തുക. ഇതേ മാതൃകയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആതുരാലയങ്ങളും ഇത്തരത്തില്‍ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെടും.
യാത്രക്കാര്‍ കൂടുതലുള്ള മേഖലയില്‍ കൃത്യമായ ഇടവേളകളില്‍ ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനും ഇടപെടലുകളുണ്ടാകും. കൊല്ലം ജില്ലയില്‍ പരീക്ഷണാര്‍ഥം ചില സര്‍വീസുകള്‍ ഓടിച്ചു നോക്കിയതിനു ശേഷമായിരിക്കും വിവിധ ഡിപ്പോകളില്‍ നിന്നുള്ള ഇത്തരം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. ബോണ്ട് (ബസ് ഓണ്‍ഡിമാന്‍ഡ്) സര്‍വീസുകള്‍ക്കു സാധ്യതയുള്ള കൂടുതല്‍ റൂട്ടുകളും പരിശോധിക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.