നല്ല മാര്‍ക്കോടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായൊരു സമ്മാനം കിട്ടിയതിന്റെ ത്രില്ലിലാണ് കരള സര്‍വകലാശാല എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണി. റാങ്ക് വിവരം അറിഞ്ഞത്മുതല്‍ ആര്യക്ക് അഭിനന്ദനങ്ങള്‍ ഏറെ ലഭിച്ചെങ്കിലും താനേറെ ആരാധിക്കുന്ന നടനവിസ്മയം മോഹന്‍ലാല്‍ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും ആര്യ.
‘ഒരുപാട് സന്തോഷം. തുടര്‍ന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താന്‍ കഴിയട്ടെ. പ്രാര്‍ഥനകള്‍, ആശംസകള്‍. ഷിബു ബേബിജോണ്‍ പറഞ്ഞാണ് വിവരമറിഞ്ഞത്’ എന്ന് പറഞ്ഞ് ലാല്‍ പറഞ്ഞ് നിര്‍ത്തി. ഫോണ്‍കോളിന് ശേഷം ആര്യയുടെ ആദ്യ പ്രതികരണംഇങ്ങനെ… ‘ഇതൊരു സമ്മാനമാണ്. ഷിബു സാര്‍ നല്കിയ വിലപ്പെട്ട സമ്മാനം’.
റാങ്ക് വിവരമറിഞ്ഞ് ചവറ ചെറുശേരിഭാഗത്തെ പെരുമന തെക്കതില്‍ വീട്ടിലെത്തി പൊന്നാടയണിയിച്ച മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ ആണു മോഹന്‍ലാലിനെ വിവരമറിയിച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ജയിച്ച ആര്യയ്ക്ക് ഡിഗ്രിക്ക് നാലാം റാങ്കുണ്ടായിരുന്നു. കൊല്ലം എസ്എന്‍ കോളജിലെ അധ്യാപകരുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ആര്യയെ വിജയത്തിലേക്ക് നയിച്ചത്. കോളേജ് അധ്യാപികയാകാനുള്ള ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോഴാണ് ആര്യയെ തേടി റാങ്ക് വാര്‍ത്തയെത്തിയത്.
ഓട്ടോ കണ്‍സള്‍ട്ടന്റായ അച്ഛന് ഉണ്ണിക്കൃഷ്ണന് നായരും അമ്മ വിജയലക്ഷ്മിയമ്മയും മകള്‍ക്കു പിന്തുണയേകുന്നു. അമ്മയും ആര്യയും വീട്ടില്‍ ട്യൂഷന് നടത്തുന്നുണ്ട്. ട്യൂഷനില്നിന്നുള്ള വരുമാനവും സ്കോളര്‍ഷിപ്പുകളുമാണ് പഠനത്തിനുപയോഗിച്ചത്. സഹോദരന് ആകാശ് ഐടിഐ പഠനം പൂര്‍ത്തിയാക്കി എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ട്രെയിനിയാണ്.