കൊട്ടിയം: കൊട്ടിയത്ത് അങ്കണവാടിയില്‍ പ്രവേശനത്തിനെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അങ്കണവാടി വര്‍ക്കറുടെ പരാതിയില്‍ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കൊട്ടിയം പ്രതിഭ ലൈബ്രറിക്കു സമീപത്തെ 17-ാം നമ്പര്‍ അങ്കണവാടിയില്‍ തിങ്കളാഴ്ച രാവിലെയാണ് അമ്മയ്ക്കൊപ്പം നാലുവയസുകാരിയായ മകളും എത്തിയത്.
കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവ് അങ്കണവാടിയിലെ വര്‍ക്കര്‍ ശ്രീദേവിയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ വര്‍ക്കര്‍ കുട്ടിയെ വിശദമായി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ശരീരം മൊത്തം പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതോടെ ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനില്‍ ചൈല്‍ഡ് ലൈനിലും കൊട്ടിയം പോലീസിലും വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ കൗണ്‍സലറും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടിയില്‍ നിന്നും അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു വര്‍ഷമായി കുട്ടി എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ശിശുഹോമില്‍ ആയിരുന്നെന്നും കഴിഞ്ഞ അഞ്ചാം തീയതിയാണ് അവിടെ നിന്ന് കുട്ടിയെ തിരികെ കൊണ്ടുവന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. കുട്ടി തിരികെ വരുമ്പോള്‍ ശരീരത്തില്‍ മൊത്തം പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു എന്നും അമ്മ പറഞ്ഞു.
ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും ചിക്കന്‍പോക്സ് വന്ന അടയാളങ്ങളാണെന്നാണ് ശിശുഹോം പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും ഇത് താന്‍ വിശ്വസിച്ചതായുമാണ് ഇവര്‍ പറയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്ന് കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. മൊഴിയെടുത്ത പോലീസ് കുഞ്ഞിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി.