കണ്ണൂര്‍: കണ്ടു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട ഇനി മുതല്‍ കേട്ടു കേട്ടു പഠിക്കാം. കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി അതതു ക്ലാസിലെ പാഠ ഭാഗങ്ങള്‍ വായിച്ചു മനസിലാക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുമായി ശബ്ദ പാഠങ്ങള്‍ വരുന്നു.
‘ടോക്കിങ് ടെക്സ്റ്റ്സ്’ എന്ന പേരില്‍ സമഗ്ര ശിക്ഷ കേരളം തയ്യാറാക്കുന്ന പദ്ധതിയാണിത്. പാഠ ഭാഗങ്ങള്‍ ശ്രവ്യ പാഠങ്ങളാക്കി (ഓഡിയോ ഫയലുകള്‍) മാറ്റുകയാണു ചെയ്യുക. ഒന്നാം ക്ലാസ് മുതല്‍ 10 വരെയുള്ള പാഠ ഭാഗങ്ങളാണ് ഇത്തരത്തില്‍ തയ്യാറാക്കുന്നത്. കൊവിഡ് കാലത്തു കുട്ടികള്‍ വീടുകളില്‍ ഒതുങ്ങി കഴിയുന്ന സമയത്താണ് ഇങ്ങനെയൊരു ആശയം എസ്എസ്കെ മുന്നോട്ടു വച്ചത്.
പുതിയ അധ്യയന വര്‍ഷത്തില്‍ പഠനം ആരംഭിക്കാനാണു ലക്ഷ്യം. സിലബസിലെ മുഴുവന്‍ പുസ്തകങ്ങളും ശ്രവ്യ പാഠങ്ങളാക്കും. ശബ്ദ മിശ്രണം, തിയറ്റര്‍ സാധ്യത എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയാണു ഇത് നടപ്പാക്കുക. സംഗീതാത്മകവും നാടകീയ ആഖ്യാനങ്ങളും ഉള്‍പ്പെടുത്തും. ഓണ്‍ലൈന്‍ ദൃശ്യപാഠങ്ങള്ക്ക് വഴങ്ങാത്തവര്‍ക്ക് വേണ്ടിയാണ് ഈ പുതിയ പാഠഭേദം.
മഴയെ കുറിച്ചുള്ള പാഠഭാഗം മനസിലാക്കാന്‍ പാഠം വായിച്ചു കൊടുക്കുമ്പോള്‍ തന്നെ മഴയുടെയും കാറ്റിന്റെയും ശബ്ദം കേള്‍പ്പിച്ച് മഴയുമായി ബന്ധപ്പെട്ട ശബ്ദ പശ്ചാത്തലം കൂടി വിദ്യാര്‍ത്ഥികള്‍ക്കു അനുഭവിക്കാനാകും. ഇതു വഴി പാഠ പുസ്തകങ്ങള്‍ വായിക്കാതെ തന്നെ വിദ്യാര്‍ഥികള്‍ക്കു മഴയെ കുറിച്ചുള്ള ആശയ ലോകം മനസില്‍ രൂപപ്പെടുത്താം.
ജില്ലയിലെ 149 അധ്യാപകര്‍ക്ക് പദ്ധതി തയാറാക്കുന്നതിന്റെ പരിശീലനം നല്കി. ലൈഫ് സ്കില്‍ ഡവലപ്മെന്റ് വിഡിയോകള്‍, ആരോഗ്യ കാര്യങ്ങള്‍, പഠന ശീലങ്ങള്‍, വീട്ടില്‍ വച്ച് രക്ഷിതാക്കള്‍ക്കു ചെയ്തു കൊടുക്കാവുന്ന തെറാപ്പികള്‍ മുതലായവയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോകള്‍ സമഗ്ര ശിക്ഷ കേരളം തയാറാക്കിയിട്ടുണ്ട്.