വെള്ളരിക്കുണ്ട്: പാകിസ്താന് തീവ്രവാദികളുമായി 36 മണിക്കൂര്‍ നേര്‍ക്കുനേര്‍ പൊരുതി ശത്രുക്കളെ തുരത്തിയ കാസര്കോടുകാരന് എബിന് തോമസിന് ധീരതയ്ക്കുള്ള പോലീസ് മെഡല്‍. 2018 ശ്രീനഗറിലെ കരണ്‍ നഗറില്‍ നടന്ന ഏറ്റുമുട്ടലാണ് കാസര്‍കോട് കൊന്നക്കാട് സ്വദേശി എബിന് തോമസിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ഫോര്‍ ഗാലന്ററി (പിഎംജി) അവാര്‍ഡിന് അര്‍ഹനാക്കിയത്.
2018 ഫെബ്രുവരി 12നാണ് പാകിസ്താന് തീവ്രവാദികളുമായി സാഹസിക പോരാട്ടം നടത്തിയത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന സിആര്‍പിഎഫിന്റെ 82-ാം വാര്‍ഷിക പരേഡില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയില്‍ നിന്നും എബിന് തോമസ് അവാര്‍ഡ് സ്വീകരിച്ചു.
കൊന്നക്കാട്ടെ കര്‍ഷകനായ പൂവക്കുളം തോമസിന്റെയും വത്സമ്മയുടെയും മകനാണ്. ഷാന്റി ജോസഫാണ് ഭാര്യ. മക്കള്‍: അവിന് ടോംഅബി, അയിഡ ട്രീസ അബി എന്നിവരാണ്. 4 വര്‍ഷം മുമ്പാണ് തോമസ് ശ്രീനഗര്‍ പോലീസില്‍ ചേര്‍ന്നത്. 2019ലും തോമസിന് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.