നീലേശ്വരം: വള്ളം തകര്‍ന്ന് മരണം മുന്നില്‍ക്കണ്ടു, പൊങ്ങിക്കിടന്ന തോണിക്കഷണത്തില് പിടിച്ചുകിടന്ന മീന്‍പിടിത്തക്കാരെ രക്ഷപ്പെടുത്തി തീരദേശ പോലീസ്. യന്ത്രവല്‍കൃത മീന്‍പിടിത്ത വള്ളം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശികളായ 5 തൊഴിലാളികള്‍ക്കാണ് തീരദേശ പോലീസും ഫിഷറീസ് രക്ഷാബോട്ടും രക്ഷയ്ക്കായി എത്തിയത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മടക്കരയില്‍ നിന്നു പോയി കീഴൂര്‍ കടപ്പുറത്തു നിന്നു 8 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍ പെട്ട മറിയം വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തോണി നെടുകെ പിളരുകയായിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടന്ന തോണിക്കഷണത്തില് പിടിച്ചു നില്‍ക്കുകയായിരുന്ന 5 തൊഴിലാളികളേയും പോലീസ് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായുരുന്നു. ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാര്‍ (43), ഈശ്വര്‍ഭായി (58) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
നീലേശ്വരം അഴിത്തലയിലെ തീരദേശ രക്ഷാബോട്ടില് കോസ്റ്റല്‍ എഎസ്ഐ, എംടിപി സെയ്ഫുദ്ദീന്‍, കോസ്റ്റല്‍ വാര്ഡന്മാരായ അനുകേത്, ദിവീഷ്, ഫിഷറീസ് റസ്ക്യുഗാര്‍ഡ് പി മനു, ഒ ധനീഷ്, സി ശിവകുമാര്‍, ഡ്രൈവര്‍മാരായ പി നാരായണന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്.
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യ സംഘത്തിന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദനം അറിയിച്ചു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്കു ചികില്‍സയും ആവശ്യമായ അടിയന്തര സഹായങ്ങളും നല്കാന് നിര്‍ദേശിച്ചതായും മന്ത്രി കുറിച്ചു.
അതേസമയം, തീരദേശ പോലീസിന്റെ അവിഭാജ്യ ഘടകമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ വാര്ഡന്മാരാണു സമീപകാലത്ത് അഴിത്തലയിലുണ്ടായ അപകടങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തിയത്. താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തു വരുന്ന വാര്ഡന്മാര് സ്വന്തം ജീവന് പണയപ്പെടുത്തിയാണ് അപകടമുഖങ്ങളില്‍ രക്ഷാദൂതരാകുന്നത്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സജീവമാണ്.